രാമനാട്ടുകര: രാമനാട്ടുകര നഗരസഭ കെട്ടിടം നിർമിക്കാൻ നഗരസഭയുടെ അധീനതയിലുള്ള കണ്ണായ ഭൂമി മറിച്ചുവിറ്റ് പകരം വാങ്ങിയതിൽ പുറമ്പോക്ക് ഭൂമിയുള്ളതായി ആരോപണം.
ഇതു സംബന്ധിച്ച് രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും പൊതുപ്രവർത്തകനുമായ പി. ഹസൻ മാനു മുഴുവൻ രേഖകളും സഹിതം കലക്ടർക്ക് പരാതി നൽകി.
പുറമ്പോക്ക് ഭൂമിയടക്കം നഗരസഭക്ക് കൈമാറിയാണ് നഗരസഭയുടെ പൊന്നുംവിലയുള്ള 24.85 സെൻറ് ഭൂമിയും ഒന്നര കോടിയിൽപരം രൂപയും നഗരസഭക്ക് നഷ്ടപ്പെടുത്തി ട്രാൻസ്കോൺ ലോജിസ്റ്റിക്സ് സൊല്യൂഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഉടമസ്ഥരും മുൻ നഗരസഭ ഭരണസമിതിയും ചേർന്ന് സ്വത്ത് കൈമാറ്റത്തിെൻറ പേരിൽ തട്ടിപ്പു നടത്തിയതെന്ന് പി. ഹസൻ മാനു വ്യക്തമാക്കി.
കമ്പനി ഉടമസ്ഥരുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഈ കമ്പനിയുടെ വെള്ളക്കെട്ട് ഉള്ള സ്ഥലമാണ് നഗരസഭക്ക് കൈമാറ്റം ചെയ്തത്. കൃഷി ആവശ്യത്തിന് വയലായി ഉപയോഗിക്കാവുന്നതാണ് ഭൂമി. തീരെ വിലയില്ലാത്തതുമാണ്.
കൂടാതെ ഗതാഗത യോഗ്യമായ വഴിയില്ലാത്തതും പുറമ്പോക്ക് സ്ഥലത്ത് ഉൾപ്പെട്ടതുമായ സ്ഥലമാണ് നഗരസഭക്ക് കൈമാറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
താലൂക്ക് സർവേയറെ ഉപയോഗിച്ച് വിശദമായ അന്വേഷണം നടത്തി തീരുമാനം എടുക്കണമെന്നും പരാതിയിൽ പറയുന്നു. പൊതുമുതൽ നഷ്ടപ്പെടുത്തിയ നഗരസഭ അധികൃതരുടെ പേരിൽ നടപടി സ്വീകരിക്കണം. നഗരസഭക്ക് നഷ്ടപ്പെട്ട തുക അന്നത്തെ ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈടാക്കണം.
പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെടുത്തിയാണോ നഗരസഭ കെട്ടിടം നിർമിക്കുന്നതെന്ന് കണ്ടെത്തണം. അതുവരെ പ്രസ്തുത സ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.