ഇ​ന്ത്യ​ന്‍ സേ​ന​യി​ലെ ഏ​ക മ​ല​യാ​ളി ബ​റ്റാ​ലി​യ​നാ​യ 122 ഐ.​എ​ന്‍.​എ​ഫ് ബ​റ്റാ​ലി​യ​ന്‍ 67ാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​സ്റ്റ്ഹി​ൽ ക്യാ​പ്റ്റ​ൻ വി​ക്രം മൈ​താ​നി​യി​ൽ സൈ​നി​ക​ർ ന​ട​ത്തി​യ കാ​യി​ക​പ്ര​ക​ട​നം

ഏക മലയാളി ബറ്റാലിയൻ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട്: ഇന്ത്യന്‍ സേനയിലെ ഏക മലയാളി ബറ്റാലിയനായ 122 ഐ.എന്‍.എഫ് ബറ്റാലിയന്‍ 67ാം വാര്‍ഷികാഘോഷത്തിന് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ വർണാഭമായ തുടക്കം. കണ്ണൂരില്‍നിന്ന് കേന്ദ്രം കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റിയതിന്റെ വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്.

ബംഗ്ലാദേശ് വിമോചനയുദ്ധ പോരാളിയും വീരചക്ര ബഹുമതിക്ക് അർഹനുമായ ബ്രിഗേഡിയർ പി.വി. സഹദേവന്‍ മുഖ്യാതിഥിയായി. രാവിലെ സര്‍വധര്‍മസ്ഥാനില്‍ നടന്ന പ്രാർഥനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. ത്രിവർണപതാകയെ ഓർമിപ്പിക്കുന്ന പച്ച, വെള്ള, ഓറഞ്ച് നിറങ്ങളിൽ ബലൂൺ പറത്തിക്കൊണ്ടാണ് വിക്രം മൈതാനിയിലെ പരിപാടികൾക്ക് 12 മണിയോടെ തുടക്കമിട്ടത്.

ബ്രിഗേഡിയർ സഹദേവൻ, മേജർ രവി, 122 ഐ.എന്‍.എഫ് ബറ്റാലിയന്‍ കമാൻഡിങ് ഓഫിസർ തുടങ്ങിയവർ ചേർന്നാണ് ബലൂൺ പറത്തിയത്. തുടർന്ന് മിലിട്ടറി റെജിമെന്റ് മദ്രാസ് ബ്രാസ് ബാന്‍ഡിന്റെ പ്രകടനം നടന്നു. തുടർന്ന് വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.

റജിമെന്‍റിലെ ഉദ്യോഗസ്ഥർ നടത്തിയ കളരിപ്പയറ്റും ഫയർ ഡാൻസും കാണികൾ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്. കലാപരിപാടികൾ, സാക്സഫോൺ കച്ചേരി, ചെണ്ടമേളം എന്നിവയും അരങ്ങേറി. റജിമെന്‍റിലെ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുത്തത്. സൈനിക ആഘോഷപരിപാടികളായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

വാർഷിക ആഘോഷ പരിപാടിയോടനുബന്ധിച്ച് മൈതാനിയിൽ വിവിധ സ്റ്റാളുകൾ ഒരുക്കിയിരുന്നു. കശ്മീർ യുദ്ധമുഖത്തെ സൈനികരുടെ ടെന്‍റായിരുന്നു പ്രധാന ആകർഷണകേന്ദ്രം. ടെന്‍റിനകത്ത് യുദ്ധക്കോപ്പുകളും പട്ടാളക്കാരുടെ നിത്യോപയോഗ സാധനങ്ങളും ഒരുക്കിയിരുന്നു.

മൈനുകൾ, ഗ്രനേഡ്, ബോംബ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, പട്ടാളക്കാർ ഉപയോഗിക്കുന്ന പ്രത്യേക വണ്ടി എന്നിവ മുതൽ മഞ്ഞിൽ ഉപയോഗിക്കുന്ന ഷൂസും തൊപ്പിയും കിടക്കാനുള്ള കട്ടിൽ, മേശ എന്നിവയെല്ലാം ടെന്‍റിൽ ഒരുക്കിയിട്ടുണ്ട്.

ബുധനാഴ്ച അഞ്ച് മുതല്‍ ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ ആഘോഷപരിപാടികളും മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടികളും നടക്കും. തുടർന്ന് സൈനിക ബാന്‍ഡിന്‍റെ പ്രകടനമുണ്ടാകും. സര്‍ക്കാര്‍ ലഹരിക്കെതിരെ നടത്തുന്ന പ്രചാരണ പരിപാടികളുമായി സഹകരിച്ച് സേന കർമപരിപാടികള്‍ സംഘടിപ്പിക്കും. ബീച്ച് ഫ്രീഡം സ്ക്വയിൽ നടക്കുന്ന പരിപാടികളിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. 

Tags:    
News Summary - Anniversary celebrations of the single Malayali battalion have begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.