കോഴിക്കോട്: വീടിന്റെ നമ്പർ ഉപയോഗിച്ച് വാണിജ്യ കെട്ടിടത്തിന് ലൈസൻസുണ്ടാക്കാൻ കോർപറേഷൻ റവന്യൂ ഉദ്യോഗസ്ഥരുടെ വ്യാജസീലുണ്ടാക്കി തട്ടിപ്പ് നടത്തിയത് കണ്ടെത്തി. തട്ടിപ്പ് മനസ്സിലാക്കി റവന്യൂ ഓഫിസറും ക്ലർക്കും കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി.
ഉദ്യോഗസ്ഥരുടെ പങ്കടക്കം അന്വേഷിക്കുമെന്നും തുടർ നടപടി തുടങ്ങിയെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. പാസ്വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വിവാദവും തുടരുന്നതിനിടെയാണ് പുതിയ തട്ടിപ്പ്. ഇൻഫർമേഷൻ കേരള മിഷന്റെ സഞ്ചയ സോഫ്റ്റ് വെയറിലെ അപാകതകൾ ഉപയോഗപ്പെടുത്തിയായിരുന്നു അന്ന് തട്ടിപ്പ്.
കുതിരവട്ടം വാർഡിലെ വീട്ടുനമ്പർ ഉപയോഗിച്ച് വാണിജ്യ കെട്ടിടത്തിന് ലൈസൻസുണ്ടാക്കാൻ ശ്രമം നടത്തിയെന്നാണ് ഉദ്യോഗസ്ഥർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ പരിശോധിച്ച് വീട്ടുനമ്പറാണെന്ന് കണ്ടെത്തി രണ്ടു തവണ അപേക്ഷ തള്ളിയിരുന്നു. വീണ്ടും ഇതേ ഫയൽ ഹെൽത്ത് ഇൻസ്പെക്ടറുടെയടുത്ത് വന്നപ്പോഴാണ് വിശദ പരിശോധന നടത്തിയത്.
റവന്യൂ ഓഫിസർ, ക്ലർക്ക് എന്നിവരുടെ വ്യാജസീലാണ് ഫയലിലുള്ളതെന്ന് മനസ്സിലായി. ഇതേ തുടർന്നാണ് പരാതി. 2022ൽ കോർപറേഷൻ ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ഉപയോഗിച്ച് അനധികൃത കെട്ടിടത്തിന് നമ്പർ നൽകിയത് വൻ വിവാദമായിരുന്നു.
20 കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് 12 കേസുകളിലാണ് സിറ്റി ജില്ല ക്രൈംബ്രാഞ്ച് കേസന്വേഷണം നടത്തുന്നത്. സംഭവത്തിൽ അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.