കോഴിക്കോട്: ഐ.എൻ.എല്ലിൽ പ്രസിഡൻറ്, ജന. സെക്രട്ടറി ഗ്രൂപ്പുകൾ തമ്മിൽ ഭിന്നത പാരമ്യത്തിൽ. പ്രവർത്തക സമിതിക്ക് മുമ്പ് സെക്രട്ടേറിയറ്റ് വിളിക്കണമെന്ന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിെൻറ ആവശ്യം ജന. സെക്രട്ടറി അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സ്വന്തം നിലക്ക് സെക്രട്ടേറിയറ്റ് വിളിക്കുമെന്ന് വഹാബ് സെക്രട്ടേറിയറ്റ് വാട്സാപ് ഗ്രൂപ്പിലിട്ട വോയിസ് ക്ലിപ് ചോർന്നതോടെയാണ് പുതിയ വിവാദം രൂപപ്പെട്ടത്.
ഇത് മനഃപൂർവം ചോർത്തിയതാണെന്നും ആരോപണമുണ്ട്. ഇരു ഗ്രൂപ്പുകളും തമ്മിലെ വിഴുപ്പലക്കൽ രൂക്ഷമായതോടെ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് സുലൈമാൻ ഇടപെട്ട് സെക്രട്ടേറിയറ്റ് യോഗം ചേരാൻ നിർദേശിച്ചിരിക്കയാണ്. ഇതനുസരിച്ച് ജൂലൈ 25ന് രാവിലെ ഒമ്പതിന് എറണാകുളത്ത് ആദ്യം സെക്രട്ടേറിയറ്റും തുടർന്ന് പ്രവർത്തക സമിതിയും ചേരും. നേതാക്കളുടെ ചർച്ച ചോർത്തിയവർക്കെതിരെ നടപടിയെടുക്കാനും അഖിലേന്ത്യ പ്രസിഡൻറ് നിർദേശിച്ചിട്ടുണ്ട്.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം മുന്നണി പ്രവേശനവും മന്ത്രിസ്ഥാനവും യാഥാർഥ്യമായിട്ടും സംഘടനതലത്തിൽ പ്രയോജനപ്പെടുത്താനാവാതെ പാർട്ടിയിൽ ഗ്രൂപ്പുപോര് രൂക്ഷമാണ്. ഈവർഷം ഒരു സെക്രട്ടേറിയറ്റ് യോഗം മാത്രമാണ് നടന്നത്.
രേഖാമൂലം ആവശ്യപ്പെട്ടിട്ടും സെക്രട്ടേറിയറ്റ് ചേരാത്തതിനെതിരെയാണ് പ്രസിഡൻറ് വഹാബ് ജന. സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ രംഗത്തുവന്നത്. മന്ത്രിക്ക് ഇനിയും പേഴ്സണൽ സ്റ്റാഫിനെ നിശ്ചയിക്കാനായിട്ടില്ല. ഇതിനിടെ തങ്ങളുടെ മൂന്നു നോമിനികളെ അഹമ്മദ് ദേവർകോവിലിെൻറ സ്റ്റാഫിൽ സി.പി.എം തിരുകിക്കയറ്റുകയും ചെയ്തു. തങ്ങളുടെ ആളുകളെ നിയമിക്കാനാവാത്തത് സംഘടനതലത്തിൽ നാണക്കേടായിരിക്കുകയാണ്. ഇതിന് പുറമെ സംഘടനയിൽ ഏെറക്കാലമായി പുകയുന്ന ഗ്രൂപ്പുപോരും സെക്രട്ടേറിയറ്റ്, പ്രവർത്തക സമിതി യോഗങ്ങളിൽ ആളിക്കത്താനാണ് സാധ്യത. ഐ.എൻ.എല്ലിലെ പ്രശ്നങ്ങൾ മുന്നണിക്കും സർക്കാറിനും തലവേദനയായപ്പോൾ മുന്നണി കൺവീനർ നേരിട്ടുവിളിച്ച് ഭാരവാഹികളെ താക്കീത് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.