കോഴിക്കോട്: തിരക്കേറിയ നഗരത്തിൽ മൂത്രശങ്ക തീർക്കാനോ ഒരൽപം വിശ്രമിക്കാനോ സൗകര്യമില്ലാതെ ദുരിതംപേറി ഓട്ടോ തൊഴിലാളികൾ. നഗരം മൂടിപ്പുതച്ചുറങ്ങുന്ന രാത്രിയുടെ അന്ത്യയാമങ്ങളിൽ പാതിയുറക്കത്തിൽനിന്നെഴുന്നേറ്റ് തൊഴിലിനിറങ്ങുന്ന ഓട്ടോ ഡ്രൈവർമാർ പ്രാഥമിക കൃത്യം നിർവഹിക്കാൻ ഒരിടംകിട്ടാതെ വീർപ്പുമുട്ടി തൊഴിലെടുക്കേണ്ട അവസ്ഥാണ്.
നഗരത്തിന് ഉൾക്കൊള്ളാനാവുന്നതിനേക്കാൾ പെർമിറ്റുകൾ നൽകിയിട്ടും പ്രാഥമിക സൗകര്യങ്ങളടക്കമുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ കോർപറേഷൻ അധികാരികൾ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. രാപ്പകൽ വ്യത്യാസമില്ലാതെ ഓട്ടോതൊഴിലാളികൾ തൊഴിലെടുക്കുന്ന ഇടമാണ് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, പുതിയ ബസ് സ്റ്റാൻഡ്, പാളയം എന്നീ കേന്ദ്രങ്ങൾ.
പുലർച്ചെ രണ്ടിനും മൂന്നിനും ഓട്ടോയുമായി നഗരത്തിലെത്തുന്ന തൊഴിലാളികൾക്ക് രാവിലെ ഓഫിസ്, സ്കൂൾ സമയവും കഴിഞ്ഞ് 10.30 ഓടെയാണ് തിരക്കൊഴിയുക. ഇതിനിടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സാധിക്കാതെ പ്രയാസപ്പെടുകയാണ്. നഗരത്തിലെ ഒരു ഓട്ടോ സ്റ്റാൻഡിനോട് ചേർന്നും വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടില്ല.
മാത്രമല്ല, നഗരത്തിലെ ഇ- ടോയ്ലെറ്റുകൾ അടക്കമുള്ള പൊതുശൗചാലയങ്ങൾ ഇല്ലാതായതും ഇവർക്ക് കടുത്ത പ്രതിസന്ധിയാണ്. ഇവയെല്ലാം ഇപ്പോൾ കാടുമൂടി മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
സ്ത്രീകളടക്കമുള്ള ഓട്ടോ തൊഴിലാളികൾ ഇതു കാരണം പ്രയാസപ്പെടുകയാണ്. മാത്രമല്ല ദീർഘസമയം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാത്തത് കാരണം ഓട്ടോ തൊഴിലാളികളിൽ മൂത്രാശയ സംബന്ധമായ അസുഖങ്ങളും വ്യാപകമാണ്. 4337 സി.സി പെർമിറ്റ് ഓട്ടോകളും 1800ൽ അധികം എൽ.പി.ജി, ഇലക്ട്രിക്, സി.എൻ.ജി ഓട്ടോകളും നഗരത്തിൽ സർവിസ് നടത്തുന്നുണ്ട്.
റെയിൽവേ സ്റ്റേഷൻ കിഴക്കു ഭാഗത്തും പടിഞ്ഞാറു ഭാഗത്തും യാത്രക്കാരെ കാത്തിരിക്കുന്ന ഓട്ടോ തൊഴിലാളികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. റെയിൽവേ സ്റ്റേഷൻ വളപ്പിൽ ഓട്ടോ സ്റ്റാൻഡ് അനുവദിച്ചെങ്കിലും പ്രാഥമിക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. മൂത്രശങ്ക തീർക്കാൻ പ്ലാറ്റ് ഫോമിനകത്ത് കയറിയാൽ പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തില്ലെന്നുപറഞ്ഞ് സുരക്ഷാജീവനക്കാർ തടയുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്യുമെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു.
ഓട്ടം നഷ്ടപ്പെട്ടുപ്പോവുമെന്നതിനാൽ പുറത്ത് ഹോട്ടലുകളിലോ മറ്റോ പോയി പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാനും ഇവർക്കു കഴിയുന്നില്ല. സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എം.പിക്ക് നിവേദനം നൽകിയിരിക്കുകയാണ് ഓട്ടോ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി.
ഇതിൽ എം.പിയുടെ ഇടപെടൽ ഉണ്ടാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളിലെങ്കിലും വിശ്രമകേന്ദ്രം ഒരുക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.