അജിത്ത്
കോഴിക്കോട്: ലഹരി വിറ്റ് സഹോദരന്റെ പേരിൽ വാങ്ങിയ വാഹനം പൊലീസ് കണ്ടുകെട്ടി. കുണ്ടായിത്തോട് തോണിച്ചിറ സ്വദേശി ലക്ഷ്മി ആലയത്തിൽ അജിത്തിന്റെ (22) സഹോദരന്റെ പേരിലുള്ള ബൈക്കാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. മാർച്ച് നാലിന് കസബ പൊലീസും സിറ്റി ഡൻസാഫും ചേർന്ന് മെഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ 89 ഗ്രാം എം.ഡി.എം.എയുമായി അജിത് പിടിയിലാവുകയായിരുന്നു.
ഈ സംഭവത്തിലാണ് പ്രതിയുടെ സഹോദരന്റെ പേരിലുള്ള കെ.എൽ -41-ക്യൂ-3137 നമ്പർ യമഹ മോട്ടോർ സൈക്കിൾ കസബ പൊലീസ് കണ്ടുകെട്ടിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയായ അജിത്ത് എം.ഡി.എം.എ കേരളത്തിലേക്ക് കടത്തി ഫറോക്ക്, കുണ്ടായിത്തോട് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾക്കിടയിൽ മയക്കുമരുന്ന് മൊത്തമായും ചില്ലറയായും വിൽപന നടത്തി വലിയതോതിൽ ഇയാൾ സാമ്പത്തിക ലാഭം നേടുകയായിരുന്നു. കസബ പൊലീസിന്റെ അന്വേഷണത്തിൽ പ്രതി പലതവണ കോഴിക്കോട്ടേക്ക് എം.ഡി.എം.എ കടത്തിയതായി സമ്മതിക്കുകയും ചെയ്തിരുന്നു.
കേരളത്തിൽനിന്നും ബംഗളൂരുവിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവർക്കും ഇയാൾ ലഹരി എത്തിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൽ ആവശ്യക്കാരെ വാട്സ്ആപ്പിലൂടെ മാത്രമാണ് ബന്ധപ്പെട്ടത്. എൻജിനീയറിങ് പഠനം പാതിവഴിയിൽ നിർത്തിയ പ്രതി ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനാണ് മയക്കുമരുന്ന് വിൽപനയിലേക്ക് മാറിയത്.
ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഗോവയിലും ബംഗളൂരുവിലും പോയി നിശാപാർട്ടികളിൽ പങ്കെടുത്ത് ആർഭാടജീവിതം നയിച്ചുവരുകയായിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ പ്രതി വലിയതോതിൽ പണം സമ്പാദിച്ചതും സഹോദരന്റെ പേരിൽ വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും മറ്റും ലഹരി വിൽപനയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിച്ചത്. ലഹരി വിൽപനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇതെല്ലാം നേടിയത് എന്നുള്ള സ്ഥിരീകരണത്തിനായി കസബ പൊലീസ് ഇൻസ്പെക്ടർ കിരൺ സി. നായർ നൽകിയ റിപ്പോർട്ട് പ്രകാരമാണ് നടപടി. നിലവിൽ പ്രതി കോഴിക്കോട് ജില്ല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.