ബാലുശ്ശേരി: എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ നാലു യുവാക്കൾ ബാലുശ്ശേരി പൊലീസിന്റെ പിടിയിലായി. നന്മണ്ട താനോത്ത് അനന്തു (23), ഏഴുകുളം കാഞ്ഞാവിൽ താഴെ ഷാജൻലാൽ (23), കരിയാത്തൻകാവ് തിയ്യക്കണ്ടി ടി.കെ. ആകാശ് (23), കിനാലൂർ രാരോത്തുമുക്ക് കൊട്ടാരത്തിൽ വിപിൻ രാജ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.
ബാലുശ്ശേരി എസ്.ഐ പി. റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച പുലർച്ച പരിശോധന നടത്തവെ സംസ്ഥാന പാതയിൽ അറപ്പീടിക അമരാപുരി ഭാഗത്തുവെച്ചാണ് ഇവർ പിടിയിലായത്. ബാലുശ്ശേരിയിൽനിന്ന് ഇതാദ്യമായാണ് ഇത്രയധികം എം.ഡി.എം.എ പിടികൂടുന്നത്. പൊലീസ് വാഹനം കണ്ടയുടനെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടിച്ചത്.
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എം.ഡി.എം.എ കടത്തിയതിന് നേരത്തേ പിടിയിലായ കിരണിന്റെ സുഹൃത്തുക്കളാണ് ഇവർ നാലുപേരും. കിരൺ ഇപ്പോൾ ജയിലിലാണ്. ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, എകരൂൽ ഭാഗങ്ങളിലാണ് ഇവർ പ്രധാനമായും എം.ഡി.എം.എ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാർച്ച് 27ന് നടുവണ്ണൂരിൽവെച്ച് 0.48 ഗ്രാം എം.ഡി.എം.എയുമായി പേരാമ്പ്ര, കൂരാച്ചുണ്ട് സ്വദേശികളായ മൂന്നുപേർ പിടിയിലായിരുന്നു. ഒരു മാസത്തോളമായി ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാർകോട്ടിക് സ്ക്വാഡ് നിരന്തരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട യുവാക്കളെ നിരീക്ഷിച്ച് പിന്തുടർന്നുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.