ബാലുശ്ശേരി: അസി. എക്സൈസ് കമീഷണറെ ലഹരിസംഘം ആക്രമിച്ചു. കോഴിക്കോട് അസി. എക്സൈസ് കമീഷണർ ടി.എം. ശ്രീനിവാസനെയാണ് (52) കരിയാത്തൻ കാവിൽവെച്ച് എട്ടംഗ ലഹരിസംഘം ആക്രമിച്ചത്. മുഖത്തും നെഞ്ചത്തും പരിക്കേറ്റ ശ്രീനിവാസനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കരിയാത്തൻകാവ് ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ഏകാദശി ചടങ്ങിനോടനുബന്ധിച്ച് നടന്ന കലാപരിപാടിയിൽ തിരുവാതിര നൃത്തമവതരിപ്പിക്കാനായി മകളെയുംകൊണ്ട് എത്തിയതായിരുന്നു ശ്രീനിവാസൻ. ക്ഷേത്രസമീപത്തായി കാറിൽ ഇരിക്കവേ ഒരു സംഘം യുവാക്കൾ കാറിനടുത്തെത്തി ശ്രീനിവാസനെ പിടിച്ചിറക്കി ഒരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ലഹരിസംഘം പിന്നാലെ വന്ന് ഭീഷണി മുഴക്കുകയുമുണ്ടായി. പിന്നീട് ശ്രീനിവാസന്റെ വീടിന്റെ മുന്നിലെത്തിയും ലഹരിസംഘത്തിലെ യുവാക്കൾ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറഞ്ഞു. പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എക്സൈസ് വിമുക്തി വിഭാഗം ചുമതലയുള്ള ശ്രീനിവാസൻ ലഹരിവിരുദ്ധ പ്രവർത്തനരംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.