ബാലുശ്ശേരി: മാസ്ക് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ലൈജ മണിയുടെ (48) ജീവിതം വഴിമുട്ടും. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നതാണെങ്കിലും പരിമിതിയെ മറികടന്ന് ജീവിതത്തെ സജീവമാക്കിയത് രണ്ടുവർഷമായി തുടങ്ങിയ മാസ്ക് നിർമാണമായിരുന്നു. കോവിഡ് കാലത്ത് ആയിരക്കണക്കിന് മാസ്കുകളാണ് ലൈജാമണി വീട്ടിൽനിന്നും തയ്ച്ച് വിൽപനക്കായി എത്തിച്ചിരുന്നത്. ഓൺലൈൻ വഴിയും യൂട്യൂബ് വഴിയും മാസ്കുകൾക്ക് നിരവധി ഓർഡറുകളും ലഭിച്ചിരുന്നു. രണ്ടുവർഷമായി വിശ്രമമില്ലാതെയാണ് ലൈജാമണി കോട്ടൺ മാസ്കുകൾ തയ്ച്ചിരുന്നത്.
തലയാട് 25ാം മൈലിനടുത്ത് കൊല്ലരുകണ്ടി ശ്രീധരൻ - ലീല ദമ്പതികളുടെ മകളായ ലൈജ മണിക്ക് ചെറുപ്പത്തിൽ തന്നെ പോളിയോ ബാധിച്ചിരുന്നു. പേര്യമലയിലെ വീട്ടിൽനിന്നും താഴേക്കുവരാൻ പോലും പറ്റാതെ കഴിഞ്ഞുകൂടിയിരുന്ന ലൈജ മണിക്ക് സ്കൂളിൽ പോകാനും കഴിഞ്ഞിരുന്നില്ല. മലയാളം എഴുതാനും വായിക്കാനുമുള്ള പരിശീലനം സ്വയം നേടുകയായിരുന്നു. ടെയ്ലറിങ് പഠിച്ചതു കാരണം അത് ഉപജീവനമാക്കാനും കഴിഞ്ഞു.
കരകൗശല നിർമാണവും സ്വയം പഠിച്ചെടുത്തു. നെറ്റിപ്പട്ടം നിർമാണത്തിലും വൈദഗ്ധ്യം നേടി. കോവിഡ് വന്നതോടെ വീട്ടിൽനിന്നും മാസ്ക് തയ്ച്ച് വിൽപന നടത്തിയായിരുന്നു ലൈജാമണി കുടുംബത്തെ സംരക്ഷിച്ചിരുന്നത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് കേസ്സെടുക്കില്ലെന്നും, മാസ്ക് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന തീരുമാനം വന്നതോടെ മാസ്ക് നിർമാണം നിലച്ച മട്ടിലായിട്ടുണ്ട്. തയ്ച്ചുവെച്ച മാസ്കുകൾ ഇനി എന്തുചെയ്യുമെന്ന വേവലാതിയിലാണ് ലൈജാമണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.