ബാലുശ്ശേരി: 'എന്നെ ചതിച്ചവർക്കെതിരെ ഞാൻ പരാതി കൊടുത്തു, അവർ വിളിച്ചു ക്ഷമ പറഞ്ഞു'. ഇനി ഞാൻ ആരോപണമുന്നയിക്കാനോ പരാതി പറയാനോ ഇല്ലായെന്ന് ധർമജൻ ബോൾഗാട്ടി. ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജനെതിരെ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഗിരീഷ് മൊടക്കല്ലൂരിെൻറ പ്രതികരണത്തിനുള്ള മറുപടിയായി ഗുരുതര ആരോപണങ്ങളാണ് ധർമജൻ ഓൺലൈൻ വാർത്തയിലൂടെ ഉന്നയിച്ചത്.
സ്ഥാനാർഥിയായി വന്നപ്പോൾ അവർ കോടികളാണ് എന്നിൽനിന്ന് പ്രതീക്ഷിച്ചത്. പണമില്ലെന്ന് പറഞ്ഞപ്പോൾ ഭാര്യയുടെ സ്വർണം വിൽക്കാൻ വരെ നേതാക്കൾ പറഞ്ഞെന്നും ധർമജൻ കുറ്റപ്പെടുത്തി. എ.ഐ.സി.സിയും കെ.പി.സി.സിയും നൽകിയ ഫണ്ടുകളും ഞാൻ നൽകിയ പണവും മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചത്. അപ്പോൾ ഈ നേതാക്കൾ എെൻറ പേരിൽ പിരിച്ചെടുത്ത പണം എവിടെ പോയെന്ന് ധർമജൻ ചോദിച്ചു. ഞാൻ നൽകിയ പണംപോലും താഴെ തട്ടിലെത്തിയില്ല. അതുകൊണ്ട് ബൂത്ത്തല പ്രവർത്തനം മിക്കയിടങ്ങളിലും നടന്നിട്ടില്ലെന്നും ധർമജൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഉണ്ടാക്കിയതല്ലാതെ പ്രവർത്തനം നടന്നില്ല. തെരഞ്ഞെടുപ്പ് ഫണ്ട് വീതംവെക്കൽ മാത്രമാണ് കമ്മിറ്റി ചെയ്തത്. രാത്രി എന്നെ കാണാനില്ലെന്നാണ് കുറ്റപ്പെടുത്തുന്നത്. കമ്മിറ്റിക്കാർ നടത്താത്ത അവലോകനം സാധാ പ്രവർത്തകരുമായി നടത്തി രാത്രി ഏറെ വൈകിയാണ് ഉറങ്ങാറ്.
അതുകൊണ്ടുതന്നെ രാവിലെത്തെ പര്യടന യാത്ര തുടങ്ങാനും ചിലപ്പോൾ വൈകിയിട്ടുണ്ട്. രണ്ടു കോൺഗ്രസ് നേതാക്കളും അവരുടെ കൂടെയുള്ള ചിലരുമാണ് എനിക്കെതിരെ നീങ്ങിയത്. എെൻറ സ്ഥാനാർഥിത്വത്തിനെതിരെ കള്ള ഒപ്പിട്ട് കെ.പി.സി.സിക്ക് പരാതി നൽകിയ ആൾതന്നെ എെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി വന്ന സ്ഥിതിക്ക് തോൽക്കാൻ വേറെ കാരണം വേണോ എന്നും ധർമജൻ ചോദിച്ചു. ബാലുശ്ശേരിയിൽ പോളിങ് കഴിഞ്ഞ ഉടനെതന്നെ നേതാക്കളുടെ പണപ്പിരിവിെൻറ കാര്യം കെ.പി.സി.സിയെ അറിയിച്ചിരുന്നു. പിന്നെ ഒരു മാസം കഴിഞ്ഞാണ് ഫലപ്രഖ്യാപനമുണ്ടായത്. ഇപ്പോഴാണ് ആ പരാതി രേഖാമൂലം നൽകിയത്. ഇനി ഞാൻ ബാലുശ്ശേരിയിൽ ജയിച്ചാലും ഈ പരാതി നൽകുമായിരുന്നെന്നും ഇതെനിക്ക് അത്രമാത്രം മനഃപ്രയാസം ഉണ്ടാക്കിയിട്ടുണ്ടെന്നും ധർമജൻ പറഞ്ഞു. എെൻറ മണ്ഡലത്തിലെ എം.എൽ.എ വി.ഡി. സതീശൻ ഇപ്പോൾ പ്രതിപക്ഷ നേതാവാണെന്നും ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾ അദ്ദേഹത്തിനും ബാധിക്കുമെന്നും അതിനാൽ ഇക്കാര്യത്തിൽ ഇനി കൂടുതലൊന്നും പറയില്ലെന്നും ഇനി ആരോപണ പ്രത്യാരോപണങ്ങൾ തൽക്കാലം നിർത്തിയെന്നും ധർമജൻ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.