ബേപ്പൂർ: മീൻവലകളിൽ ഉപയോഗിക്കുന്ന വിഷാംശമുള്ള ഇയ്യക്കട്ടികൾക്ക് (വലമണി) ബദൽ സംവിധാനവുമായി കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ.സി.എ.ആർ-സിഫ്റ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി). ഇയ്യത്തിനു പകരം സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ച് സിഫ്ട് നടത്തിവന്ന പരീക്ഷണങ്ങൾ വിജയിച്ചു.
ചില രാജ്യങ്ങളിൽ മീൻ പിടിത്തത്തിന് ഇയ്യം ഘടിപ്പിച്ച വലകളും ചൂണ്ടകളും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലും നിയന്ത്രണങ്ങൾക്ക് സാധ്യതയുള്ളതിനാൽ പകരമായി സ്റ്റെയിൻലെസ് സ്റ്റീൽ വലമണികൾ നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതിക്കായി സിഫ്റ്റ് സമർപ്പിച്ചിട്ടുണ്ട്.
പുതിയരീതി ഇന്ത്യയിലെ മത്സ്യബന്ധന രീതികളെ ആഗോള പാരിസ്ഥിതിക നിലവാരവുമായി യോജിപ്പിക്കുകയും സമുദ്രോൽപന്ന കയറ്റുമതി വിപണിയെ സംരക്ഷിക്കുകയും ചെയ്യുമെന്ന് സിഫ്റ്റിലെ ഫിഷിങ് ടെക്നോളജി വിഭാഗം മേധാവി ഡോ. എം.പി. രമേശൻ പറഞ്ഞു.
ഒരു പേഴ്സീൻ വലയിൽ ആയിരം കിലോയിലധികം ഇയ്യമാണ് ഉപയോഗിക്കുന്നത്. ട്രോൾ വലകളിൽ 70 കിലോവരെ ഇയ്യം ഉപയോഗിക്കുന്നവരുണ്ട്. വലകൾ സമുദ്രത്തിനടിയിലൂടെ നിരന്തരം വലിക്കുമ്പോൾ ഏതാണ്ട് പകുതിയോളം ഇയ്യം ആറ് മാസത്തിനുളിൽ തേയ്മാനം മൂലം നഷ്ടപ്പെട്ടുപോകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
തുടർച്ചയായി വിഷാംശം കലർന്ന ഇയ്യം കടലിൽ അലിഞ്ഞുചേരുമ്പോൾ ഉണ്ടാകുന്ന മലിനീകരണം സമുദ്രജീവികളുടെ നാശത്തിന് കാരണമാകും. മത്സ്യസമ്പത്തിനെയാകെ ബാധിക്കുന്ന പ്രശ്നത്തിൽ ഇടപെട്ട്, പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ് കുര്യന് മത്സ്യത്തൊഴിലാളി സംഘടനകൾ നേരത്തേ നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.