കോഴിക്കോട്: കടപ്പുറത്ത് കോർപറേഷന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഭക്ഷണത്തെരുവ് വിപണന കേന്ദ്രത്തിൽ സ്ഥാപിക്കാനുള്ള പെട്ടിക്കടകളുടെ മാതൃകയായി. കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു. ആവശ്യമായ ഭേദഗതിയും കച്ചവടക്കാരുടെ അഭിപ്രായവും അറിയാനാണ് നിർമാതാക്കൾ ഇരുമ്പിൽ തീർത്ത കട എത്തിച്ചതെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന യൂനിയൻ പ്രതിനിധികളടക്കം പങ്കെടുക്കുന്ന യോഗത്തിൽ മാറ്റങ്ങൾ ചർച്ച ചെയ്യും.
കരാറുകാരുടെ നിർദേശ പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ആണ് കടയുടെ മാതൃക നിർമിച്ചത്. നവംബർ ഒന്നിന് ബീച്ചിൽ തെരുവ് ഭക്ഷണ കേന്ദ്രം യാഥാർഥ്യമാക്കാനാണ് ശ്രമം. നേരത്തെ, 2024 മേയ് 31നകം പൂർത്തീകരിക്കുന്ന രീതിയിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. 28 സ്ക്വയർ ഫീറ്റാണ് വാഹനത്തിന്റെ വിസ്തീർണം. വലുപ്പവും മറ്റും മാറ്റാനാവില്ലെങ്കിലും അത്യാവശ്യം വേണ്ട മാറ്റങ്ങളാണ് പരിഗണിക്കുക.
വൈദ്യുതി, വെള്ളം എന്നിവക്കൊപ്പം മലിനജല സംസ്കരണ പാന്റും പദ്ധതിയിൽ ലഭ്യമാക്കും. ഭക്ഷ്യവസ്തുക്കൾക്കൊപ്പം കളിക്കോപ്പുകളും മറ്റ് സാധനങ്ങളുടെ വിൽപനയും ഉണ്ടാവും. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ആഭിമുഖ്യത്തിൽ ക്ലീൻ സ്ട്രീറ്റ് ഹബ് പ്രാവർത്തികമാക്കാനുള്ള ഇന്ത്യയിലെ 100 നഗരങ്ങളിലൊന്നായി കോഴിക്കോടിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ തട്ടുകടകളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ളതാണ് പദ്ധതി.
പൂഴിയിൽ തറ പണിത് ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിനായുള്ള പണി ആരംഭിച്ചിട്ടുണ്ട്. 90 തെരുവ് കച്ചവടക്കാർക്ക് ബാങ്ക് സഹായത്തോടെ വായ്പ നൽകിയാണ് പദ്ധതി നടപ്പാക്കുക. ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് എതിർവശത്തെ കടപ്പുറത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യം കോർപറേഷൻ വെൻഡിങ്ങ് സോൺ നടപ്പാക്കുന്നതിന് തീരുമാനിച്ചിടത്ത് പിന്നീട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഫുഡ് സ്ട്രീറ്റ് പദ്ധതി കൂടി കൂട്ടിച്ചേർത്ത് ഒന്നിച്ച് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. മൊത്തം ചെലവായ 4.06 കോടി രൂപയിൽ 2.41 കോടി ദേശീയ നഗര ഉപജീവന ദൗത്യവും ഒരു കോടി ഭക്ഷ്യസുരക്ഷ വകുപ്പുമാണ് വഹിക്കുക. നേരത്തേ ബീച്ച് സൗന്ദര്യവത്കരണത്തിനും വെൻറിങ് മാർക്കറ്റ് നിർമാണത്തിനുമായി കോർപറേഷൻ സമർപ്പിച്ച വിശദ പദ്ധതിരേഖക്ക് സർക്കാറിന്റെ ഭരണാനുമതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.