കോഴിക്കോട്: ആവോലിയും അയക്കൂറയും പൊള്ളിച്ചും പൊരിച്ചും കറിവെച്ചും എത്ര വേണമെങ്കിലും കഴിക്കാവുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. വില നല്ലോണം താഴോട്ടുവരുകയാണ് ഈ പണക്കാരുടെ മീനിനെല്ലാം.
കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ മൂന്നര മുതൽ അഞ്ചര വരെ കിലോ തൂക്കമുള്ള അയക്കോറക്ക് 400 രൂപയിലെത്തി കിലോ വില. നേരത്തേ ഇത് ആയിരവും അതിനു മുകളിലുമായിരുന്നു. ഒന്നര മുതൽ രണ്ടു കിലോ വരെയുള്ളതാണെങ്കിൽ വില 250 ഒക്കെ മതി.
ഒന്നര കിലോ വരെ തൂക്കമുള്ള ആവോലിക്ക് 400 രൂപയാണ് പരമാവധി വില. തൊള്ളായിരവും ആയിരവുമൊക്കെയായിരുന്നു നേരത്തേ വില. ചെറുതാണെങ്കിൽ പരമാവധി വില 200 രൂപ. മുന്തിയ സ്രാവിന് കിലോക്ക് 250- 300 മതി.
മത്തിയും അയലയും നെത്തോലിയും ഞെണ്ടും കോരയും ചരികളും ഒക്കെ ഇഷ്ടംപോലെ തരുന്നുണ്ട് കടലമ്മ. അതുകൊണ്ടുതന്നെ ചെറുമീനുകൾക്കെല്ലാം ചെറിയ വിലയാണ്. മിക്ക മീനുകളും നാടൻ. പുറത്തുനിന്ന് മീൻ അധികമൊന്നും വരുന്നില്ല.
അഥവാ പുറത്തുനിന്നുവരുന്നതാണെങ്കിൽ വില പിന്നെയും കുറയും. മീൻ ഇഷ്ടം പോലെ ഉണ്ട് എന്നു മാത്രമല്ല രുചിയുടെ സീസൺ കൂടിയാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
എല്ലാ മീനിനും 'നെയ്യ്' ഉണ്ടാവുന്ന സീസണാണത്രെ ഇത്. അതുകൊണ്ടാണ് മീനിന് പതിവിലേറെ രുചി. ഒരുമാസത്തോളമൊക്കെ ഈ അവസ്ഥ തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.