കോഴിക്കോട്: പെട്രോൾ പമ്പ് ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വാദപ്രതിവാദങ്ങൾ കത്തിനിൽക്കെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷാണ് ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് രാജി നൽകിയത്.
കൈക്കൂലി സംഭവത്തിൽ മണ്ഡലം ജനറല്‍ സെക്രട്ടറി കെ. രാഘവന് മുതുവണ്ണാച്ച, വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലില്‍ എന്നിവർക്കെതിരെ ജില്ല നേതൃത്വം നേരത്തേ നടപടിയെടുത്തിരുന്നു. സംഘ്പരിവാർ അനുഭാവിയും പെട്രോൾ പമ്പുടമയുമായ പാലേരി സ്വദേശി പ്രജീഷ്, കെ.കെ. രജീഷ്, കെ. രാഘവന് മുതുവണ്ണാച്ച, ശ്രീജിത്ത് ചാലില്‍ എന്നിവർക്കെതിരെ പരസ്യമായി കൈക്കൂലി ആരോപണമുയർത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
പ്രശ്നം ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ചേരിതിരിഞ്ഞ് പാർട്ടി യോഗത്തിലടക്കം ഏറ്റുമുട്ടുന്നതിലേക്കെത്തിയതോടെ ജില്ല നേതൃത്വം രണ്ടുപേർക്കെതിരെ നടപടിയെടുത്ത് ‘തലയൂരി’. എന്നാൽ, ജില്ല നേതൃത്വത്തിന്റെ അച്ചടക്കനടപടി ഗ്രൂപ് നോക്കിയെന്ന് ആക്ഷേപം ഉയർന്നു.
രാഘവൻ സുരേന്ദ്രൻപക്ഷവും ശ്രീജിത്ത് കൃഷ്ണദാസ് പക്ഷവുമാണ്. 1.10 ലക്ഷം രൂപ വാങ്ങിയതും ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപകൂടി ആവശ്യപ്പെട്ടതും രാഘവനും ശ്രീജിത്തും മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷും ചേർന്നാണെന്നാണ് പ്രജീഷ് ആരോപിച്ചത്.
രണ്ട് ഗ്രൂപ്പിലെയും ഓരോ ആൾക്കെതിരെ നടപടിയെടുത്തപ്പോൾ കൃഷ്ണദാസ് പക്ഷവും ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. അടുപ്പക്കാരനുമായ രജീഷിനെ ഒഴിവാക്കിയെന്നായിരുന്നു പരാതി. പ്രജീഷിന്റെ കുറ്റ്യാടിയിലെ പെട്രോൾ പമ്പിൽനിന്ന് നേതാക്കൾ പണം വാങ്ങി പോകുന്നതിന്റെ സി.സി ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാർട്ടി പ്രതിരോധത്തിലായത്. പ്രജീഷ് കല്ലോട് മൂരികുത്തിയിൽ പുതിയ പെട്രോൾ പമ്പ് തുടങ്ങുന്നുണ്ട്.
ഇതിന്റെ പ്രവൃത്തി അനുവദിക്കണമെങ്കിൽ കൊടുത്ത പണത്തിനുപുറമെ ഒന്നരലക്ഷം രൂപകൂടി നൽകണമെന്ന് ബി.ജെ.പി ഭാരവാഹികൾ ആവശ്യപ്പെട്ടെന്നാണ് പ്രജീഷ് വെളിപ്പെടുത്തിയത്. പി.കെ. കൃഷ്ണദാസ് പങ്കെടുക്കുന്ന പരിപാടിക്ക് രസീത് നൽകാതെ 25,000 രൂപ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.