പയ്യോളി: ഉഴുതുമറിച്ച നെൽവയലുകൾക്ക് സമാനമായ അവസ്ഥയിലാണ് അയനിക്കാട് ഇരിങ്ങൽ ഭാഗത്തെ ദേശീയപാതയോരത്തെ നിലവിലെ സ്ഥിതി. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലെ അപാകതകളാണ് നിലവിലെ ദുരിതത്തിന് കാരണം. കാലവർഷം ശക്തിപ്പെട്ടതിനെ തുടർന്ന് മണ്ണിട്ട് ഉയർത്തുന്ന പുതിയ പാതയുടെ നിർമാണ സ്ഥലത്താണ് ചളിയിൽ പുതഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയിലായിരിക്കുന്നത്.
ബസിറങ്ങാനും കയറാനും സ്റ്റോപ്പിലേക്ക് റോഡരികിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ചളി ചവിട്ടാതെ പോകണമെങ്കിൽ റോഡിലേക്ക് കയറി നടക്കണം. ഇത് അപകട സാധ്യത കൂട്ടുന്നു. മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന പടിഞ്ഞാറുവശത്താണ് കൂടുതൽ ദുരിതം.
ദേശീയപാതയിൽനിന്ന് ഇവിടങ്ങളിലെ വീടുകളിലേക്ക് നടന്നുപോകാൻ പോലും പറ്റാത്ത രീതിയിലാണ് കൂറ്റൻ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് വയൽ കണക്കെ പാതയോരം ഉഴുതുമറിച്ചിരിക്കുന്നത്. ഓവുചാൽ നിർമിച്ചതിന് സമാനമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിലെ മണ്ണ് ക്രമീകരിക്കുമ്പോഴാണ് യന്ത്രത്തിന്റെ ബെൽറ്റ് ചക്രങ്ങൾ പതിഞ്ഞ് ഉഴുതുമറിച്ച രീതിയിലാവുന്നത്. മഴക്കാലം കണക്കിലെടുക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള കരാർ കമ്പനിയുടെ പ്രവർത്തനങ്ങൾക്കെതിരെ ജനരോഷം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.