കോഴിക്കോട്: പഞ്ചാബ് ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിൽ കോഴിക്കോട് കോർപറേഷൻ അക്കൗണ്ടിൽ ഉണ്ടായ വൻ തട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ഗവർണർ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്ക് നിവേദനം അയച്ചു. കേരള ഗവർണർ റിസർവ്, ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, സി.ബി.ഐ ഡയറക്ടർ, പഞ്ചാബ് നാഷനൽ ബാങ്ക് ചെയർമാൻ, കോഴിക്കോട് പാർലമെന്റ് അംഗം തുടങ്ങിയവർക്കാണ് കത്തയച്ചത്. പഞ്ചാബ് ബാങ്കിലെ വെട്ടിപ്പ് പൊതുമേഖല ബാങ്കുകളെക്കുറിച്ചുള്ള ജനങ്ങളിൽ തെറ്റായ അഭിപ്രായം ഉണ്ടാവുമെന്നും ഇവ സ്ഥാപനങ്ങളെ തകർക്കുന്നതാണെന്നും കത്തിൽ പറഞ്ഞു. കേരളത്തിൽ അത്യപൂർവം നടന്ന ഒരു വെട്ടിപ്പാണ് പഞ്ചാബ് ബാങ്കിൽ നടന്നത്. 60 വർഷത്തെ കോർപറേഷൻ ചരിത്രത്തിലെ ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണിത്. 15.24 കോടി രൂപ നഷ്ടപ്പെട്ടു എന്നാണ് ആദ്യം കോർപറേഷൻ മേയറും സെക്രട്ടറിയും പറഞ്ഞത്. എന്നാൽ, പിന്നീട് ബാങ്ക് ഓഡിറ്റർ റിപ്പോർട്ടിലെ 12.6 8 കോടി എന്നതിലേക്ക് ചുരുങ്ങി വരുകയായിരുന്നു. ക്രമക്കേട് ഒത്തുതീർക്കാൻ രാഷ്ട്രീയ ഇടപെടലിന് വലിയ സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു.
'എത്ര തുകയെന്ന് വ്യക്തമാക്കണം'
കോഴിക്കോട്: പഞ്ചാബ് ബാങ്കിലെ ലിങ്ക് റോഡ് ബ്രാഞ്ചിലെ കോർപറേഷൻ അക്കൗണ്ടിൽ നഷ്ടപ്പെട്ടത് എത്ര തുക എന്ന് മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയും വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു. 15.24 കോടി നഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കിയ മേയര്‍ ഇപ്പോൾ ആ സംഖ്യയിൽ ഉറച്ചുനിൽക്കുന്നുണ്ടോ? നഷ്ടമായതിനെ ബാങ്ക് അധികാരികളുടെ കണക്കുകളിലാണോ കോർപറേഷൻ വിശ്വാസം അർപ്പിച്ചത്?
ജനുവരിയിൽ 40 ലക്ഷം രൂപ തിരിമറി നടന്നിട്ടും കോർപറേഷന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. സി.ബി.ഐ അന്വേഷണം നടത്താൻ തയാറാകണം. ഫണ്ട് തിരിച്ചേൽപിച്ചില്ലെങ്കിൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോഴിക്കോട്ടെ ബ്രാഞ്ചുകൾ സ്തംഭിപ്പിക്കുമെന്ന് വീമ്പിളക്കിയ നേതാവിനെ പിന്നീട് സി.പി.എം ധർണയിൽപോലും കണ്ടില്ല. ഇത് ദുരൂഹമാണ്. കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻ, എസ്.കെ. അബൂബക്കർ, പി. ഉഷാദേവി ടീച്ചർ, ഡോ. പി.എൻ. അജിത, എം.സി. സുധാമണി, കവിത അരുൺ, ഓമന മധു, സാഹിദ സുലൈമാൻ, കെ. റംലത്ത്, സൗഫിയ അനീസ്, അജീബ ബീവി, അൽഫോൻസ മാത്യു, മനോഹരൻ മങ്ങാറിൽ, കെ.പി. രാജേഷ് കുമാർ, കെ. നിർമല, ആയിഷ ബീവി പാണ്ടികശാല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.