കടലുണ്ടി: ചാലിയം ഫിഷ് ലാൻഡിങ് സെന്ററിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 1.40 കോടിയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. താൽക്കാലിക കോൺക്രീറ്റ് തൂണുകളിൽ ഓലമേഞ്ഞ ഷെഡുകളാണ് അഗ്നിക്കിരയായത്. 11 ഷെഡുകൾ പൂർണമായും മൂന്നെണ്ണം ഭാഗികമായും കത്തിനശിച്ചു. ഈ ഷെഡുകളിൽ സൂക്ഷിച്ചിരുന്ന പെട്രോൾ, ഡീസൽ, മണ്ണെണ്ണ ഉൾപ്പെടെ ആയിരക്കണക്കിനു രൂപ വിലവരുന്ന ഇന്ധനങ്ങളും കത്തിത്തീർന്നു. ഇലാഹി എക്സിം ഗ്രൂപ്പിന്റെ 700 ബോക്സുകൾ അടക്കം 3000ത്തോളം കത്തിനശിച്ചവയിൽപ്പെടും.
വടക്കാട്ട് ഫാറൂഖിന്റെ പേരിൽ 1000 ബോക്സുകൾ ബാങ്ക് വായ്പയിൽ വാങ്ങിച്ചതായിരുന്നു. കടലിലിറക്കാതെ ഷെഡിൽ സൂക്ഷിച്ചതായിരുന്നു 700 ബോക്സുകൾ. ശേഷിക്കുന്ന 300 എണ്ണം മറ്റൊരിടത്തായതുകൊണ്ട് തീ പിടിത്തത്തിൽ ഒഴിവായതായി ഇലാഹി എക്സിം എം.ഡി കബീർ അറിയിച്ചു. മോട്ടോറുകൾ ഉൾപ്പെടെ അറ്റകുറ്റപ്പണിക്കായി എത്തിച്ച അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഇലക്ട്രിക്കൽ സാമഗ്രികൾ പൂർണമായും കത്തിച്ചാമ്പലായി.
അഞ്ചുടിക്കൽ ജംഷീദിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ റിപ്പയർ കട. സമീപത്തെ തെങ്ങുകളും മരങ്ങളും കത്തിയമർന്നവയിൽ പെടുന്നു. വളരെ പഴക്കമുള്ള ആൽമരവും അഗ്നിക്കിരയായി. ചൊവ്വാഴ്ച രാവിലെയും ആൽമരം കത്തിക്കൊണ്ടിരുന്നു. മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണക്കുകയായിരുന്നു. ഈ മരം മുറിച്ചുമാറ്റാൻ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
എം.കെ. രാഘവൻ എം.പി, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കരിച്ചാലി പ്രേമൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വസ്തുനിഷ്ഠമായ അന്വേഷണം നടത്തി തീപിടിത്തകാരണം കണ്ടെത്തണമെന്ന് കടലുണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ടി.പി. ആരിഫ് തങ്ങളും സെക്രട്ടറി എൻ.കെ. ബിച്ചി കോയയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.