കടലുണ്ടി: ചരിത്രസ്മരണകളിൽ നിലകൊള്ളുന്ന ചാലിയം വിനോദസഞ്ചാര ഭൂപടത്തിലേക്ക്. സഞ്ചാരികളെ ചാലിയത്തേക്കാകർഷിക്കൽ ലക്ഷ്യമാക്കി കോടികൾ മുടക്കി ബീച്ചിൽ ‘ഓഷ്യാനസ് ചാലിയം’ എന്ന പേരിലാണ് പദ്ധതി ഒരുങ്ങുന്നത്. ടൂറിസം വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിക്ക് രണ്ടുഘട്ടങ്ങളിലായി ഒമ്പതുകോടിയോളം രൂപ മുതൽമുടക്കും.
ചാലിയാറിൽനിന്ന് തുടങ്ങി അറബിക്കടലിൽ അവസാനിച്ചുനിൽക്കുന്ന പുലിമുട്ടിലേക്ക് ദിനംപ്രതി വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെയാണ് ടൂറിസം വകുപ്പ് പദ്ധതിക്ക് തുടക്കമിട്ടത്. പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തോട് അടുത്തുള്ള പുലിമുട്ടിൽനിന്ന് സഞ്ചാരികളെ ടൂറിസം വകുപ്പ് രൂപപ്പെടുത്തിയെടുക്കുന്ന ആധുനിക രീതിയിലുള്ള പാർക്കിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
നിർദേശ മതിൽകെട്ടിന് പുറത്ത് അറബിക്കടലിനോട് ചേർന്നാണ് സഞ്ചാരകേന്ദ്രം ഒരുങ്ങുന്നത്. രാജ്യാന്തര മാതൃകയിലാണ് ബീച്ച് ടൂറിസം പദ്ധതി രൂപംകൊള്ളുന്നത്. അലങ്കാര വിളക്കുകൾ, പുലിമുട്ട് നവീകരണം, നടപ്പാത, സെൽഫി പോയന്റ്, ചെറിയ കിയോസ്കുകൾ, കരകൗശല സാമഗ്രികളുടെ വിപണന കേന്ദ്രം, ടോയ് ലറ്റ്, പാർക്കിങ്, സ്പോർട്സ് സൗകര്യങ്ങൾ എന്നിവ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുന്നു.
കടലിലേക്ക് കല്ലിട്ട് നിർമിച്ച പുലിമുട്ട് പോളിഷിങ് ടെക്നോളജി ഉപയോഗപ്പെടുത്തി നവീകരിച്ചെടുക്കും. ജില്ലക്ക് അഭിമാനമായി നിലവിൽവരുന്ന ഓഷ്യാനസ് ചാലിയം രാജ്യാന്തര ഭൂപടത്തിൽതന്നെ സ്ഥാനംപിടിച്ചേക്കും. പുലിമൂട്ടിൽനിന്ന് തെക്കോട്ട് റോഡ് നിർമിക്കുന്ന പ്രവൃത്തിക്കാണ് ഇപ്പോൾ തുടക്കമിട്ടത്. ദ്രുതഗതിയിൽ മുന്നേറുന്ന നിർമാണ പ്രവൃത്തിയുടെ കരാറുകാർ ഊരാളുങ്കൽ സൊസൈറ്റിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.