ചേളന്നൂർ: ചേളന്നൂർ േബ്ലാക്ക് പഞ്ചായത്തിനുകീഴിലെ പഞ്ചായത്തുകളിൽ രാവിലെ ഏഴുമണിയോടെ പോളിങ് തുടങ്ങിയെങ്കിലും പല ബൂത്തുകളിലും വോട്ടുയന്ത്രം ഉദ്യോഗസ്ഥരെയും വോട്ടർമാരെയും വെള്ളം കുടിപ്പിച്ചു. പോളിങ് പുനരാരംഭിക്കാൻ പല വാർഡുകളിലും മണിക്കൂറുകൾ വൈകി. കക്കോടി പഞ്ചായത്തിലെ ഏഴാം വാർഡിലെ മക്കട പെരിഞ്ചിലമല എ.എൽ.പി സ്കൂളിലെ ഒന്നാം ബൂത്തിൽ യന്ത്രത്തകരാറുമൂലം 8.45ന് ആണ് പോളിങ് ആരംഭിച്ചത്. മറ്റൊരു യന്ത്രം കൊണ്ടുവരുന്നതുവരെ വോട്ടർമാർ വരിനിൽക്കേണ്ടി വന്നത് കശപിശക്കിടയാക്കി. ചേളന്നൂർ പാലത്ത് എ.എൽ.പി സ്കൂളിലെ ഒമ്പതാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിൽ ഒന്നര മണിക്കൂറിലധികം വോട്ടെടുപ്പ് തടസ്സപ്പെട്ടു. വോട്ടർ പേനകൊണ്ട് ബട്ടണിൽ അമർത്തിയപ്പോൾ വീണ്ടും വോട്ടു യന്ത്രം നിശ്ചലമായെങ്കിലും ഉടൻ പ്രവർത്തനക്ഷമമായി. പോളിങ് വൈകിയതിനെ തുടർന്ന് നീണ്ട വരിയായിരുന്നു. കക്കോടി പതിനാറാം വാർഡിൽ ബൂത്ത് രണ്ടിൽ വോട്ടു യന്ത്രം കേടായതിനെ തുടർന്ന് മുക്കാൽ മണിക്കൂർ വൈകി.
പന്തീരാങ്കാവ്: ഒളവണ്ണ കമ്പിളി പറമ്പിൽ വോട്ടു യന്ത്രം ഇടക്കുവെച്ച് തകരാറിലായത് രണ്ടു ബൂത്തുകളിൽ വോട്ടിങ് വൈകാൻ കാരണമായി. കമ്പിളിപറമ്പ് സ്കൂളിലെ രണ്ട്, മൂന്ന് ബൂത്തുകളിലാണ് ഒരു മണിക്കൂറോളം ഇടക്ക് നിർത്തിവെക്കേണ്ടി വന്നത്.
രണ്ടു ബൂത്തുകളിലും യന്ത്രം മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. ഒളവണ്ണ അമ്മത്തൂർ സ്കൂളിലെ ഒരു ബൂത്തിൽ 15 മിനിറ്റോളം യന്ത്രതടസ്സമുണ്ടായി. വിദഗ്ധരെത്തി പ്രശ്നം പരിഹരിച്ചതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
ഫറോക്ക്: രാമനാട്ടുകര 29ാം ഡിവിഷൻ (മഠത്തിൽ താഴം) കോടമ്പുഴ ജി.എം.യു.പി സ്കൂളിലെ ബൂത്തിൽ വോട്ടു യന്ത്രം തകരാറിലായി. പോളിങ് തുടങ്ങി 7.20നാണ് ബീപ് ശബ്ദം ഇല്ലാത്തത് ശ്രദ്ധയിൽപെട്ടത്. ഈ സമയം 16 പേർ വോട്ട് ചെയ്തിരുന്നു. തുടർന്ന് ടെക്നീഷ്യമാരെത്തിയെങ്കിലും തകരാറ് പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഈ യന്ത്രം മാറ്റിവെച്ച് മറ്റൊരു യന്ത്രം ഉപയോഗിച്ചാണ് വോട്ടെടുപ്പ് തുടർന്നത്. ഇതിനകം ചെയ്ത വോട്ടുകൾക്ക് കുഴപ്പമില്ലെന്നും വോട്ടിങ് യഥാസമയം നടന്നിട്ടുണ്ടെന്നും ശബ്ദത്തിന് മാത്രമാണ് തകരാറ് സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു മണിക്കൂറും 15 മിനിറ്റും കഴിഞ്ഞതിനു ശേഷമാണ് ഇവിടെ വോട്ടിങ് പുനരാരംഭിച്ചത്.
രാമനാട്ടുകര ആറാം ഡിവിഷനിൽ ബാലറ്റ് യൂനിറ്റിൽ തകരാറ് കണ്ടെത്തിയത് 152 പേർ വോട്ട് ചെയ്തതിനു ശേഷം. അപ്പോഴേക്കും സമയം രാവിലെ പത്തരയായിരുന്നു. ബട്ടൺ അമർത്തിയാൽ മിനിറ്റുകൾ കഴിഞ്ഞാണ് വോട്ട് രേഖപ്പെടുത്തിയത് യന്ത്രത്തിൽ കാണിക്കുന്നത്. ഇത് ശ്രദ്ധയിൽപെട്ട യു.ഡി.എഫ് ബൂത്ത് ഏജൻറ് വിഷയം വരണാധികാരിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. യന്ത്രം മാറ്റി മറ്റൊരു യന്ത്രത്തിലാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. ഫറോക്ക് നഗരസഭ 16ാം ഡിവിഷൻ കള്ളിക്കൂടത്ത് വോട്ടിങ് പൂർത്തിയാക്കിയത് വൈകീട്ട് 6.20നാണ്.
കടലുണ്ടി: കടലുണ്ടി ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡ് ചാലിയം അങ്ങാടിതെക്ക് ഭാഗം മദ്റസത്തുൽ മനാർ സ്കൂൾ രണ്ടാം ബൂത്തിൽ യന്ത്രത്തകരാർ കാരണം രണ്ടര മണിക്കൂർ വൈകി 9.30നാണ് ആരംഭിച്ചത്.പകരം എത്തിച്ചയന്ത്രവും പ്രവർത്തനക്ഷമമല്ലാത്തതിനാൽ മൂന്നാമതൊരെണ്ണം സംഘടിപ്പിച്ചായിരുന്നു വോട്ടെടുപ്പ് തുടങ്ങിയത്.രണ്ടര മണിക്കൂർ വൈകി തുടങ്ങിയെങ്കിലും ഈ ബൂത്തിലും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് ഉദ്യോഗസ്ഥരുടെയും പാർട്ടി പ്രവർത്തകരുടെയും മിടുക്കിനുള്ള സാക്ഷ്യം കൂടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.