കോഴിക്കോട്: ചാലിയത്ത് വ്യാഴാഴ്ച നടത്താനിരുന്ന 16 വയസ്സായ പെൺകുട്ടിയുടെ വിവാഹം അധികൃതർ വിവാഹപ്പന്തലിൽ കയറി തടഞ്ഞു. പെൺകുട്ടിതന്നെയാണ് വിവാഹത്തെ സംബന്ധിച്ച വിവരങ്ങൾ ചൈൽഡ് ലൈനിൽ അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരമനുസരിച്ച് ബേപ്പൂർ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സബ്കലക്ടർ ചെൽസാസിനിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് വിവാഹം തടഞ്ഞത്. പെൺകുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയിൽ ഗേൾസ് ഹോമിലാണ് പെൺകുട്ടിയെ തൽക്കാലത്തേക്ക് താമസിപ്പിച്ചത്.
വിവാഹം നിർത്തിവെക്കണമെന്ന മജിസ്ട്രേറ്റിന്റെ നിർദേശം ബുധനാഴ്ചതന്നെ പെൺകുട്ടിയുടെ പിതാവിന് കൈമാറിയിരുന്നു. എന്നാൽ, വിവാഹമല്ല, വിവാഹ നിശ്ചയമാണ് നടത്തുന്നതെന്ന നിലപാടിലായിരുന്നു കുടുംബം. വ്യാഴാഴ്ച സബ്കലക്ടർ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർ എത്തുമ്പോൾ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. വിവാഹപ്പന്തലിൽനിന്നാണ് പെൺകുട്ടിയെയും കുടുംബത്തെയും അധികൃതർ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കിയത്.
ബുധനാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് ജില്ല വനിത-ശിശു വികസന ഓഫിസർ അബ്ദുൽ ബാരി അടക്കമുള്ളവർ കുട്ടിയെ ഫോണിൽ വിളിച്ച് നിജസ്ഥിതി മനസ്സിലാക്കിയിരുന്നു. തുടർന്നാണ് മജിസ്ട്രേറ്റ് ഇൻജങ്ഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുവരെ ആരുടെ പേരിലും കേസെടുത്തിട്ടില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങൾ മാത്രമാണ് പൂർത്തിയായതെന്നും വിവാഹം നടക്കാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നും ബേപ്പൂർ പൊലീസ് അറിയിച്ചു. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.