സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബി​ന് മു​ന്നി​ൽ പൈ​പ്പി​ട്ട ഭാ​ഗ​ത്ത്

ടാ​ർ ചെ​യ്യാ​ത്ത​നി​ല​യി​ൽ

സിറ്റി ഗ്യാസ്: പൈപ്പിട്ട ഭാഗങ്ങളിലെ റോഡുകൾ നന്നാക്കാത്തത് ഭീഷണി

കോഴിക്കോട്: വീടുകൾക്കും വാഹനങ്ങൾക്കും വ്യവസായസ്ഥാപനങ്ങൾക്കും പ്രകൃതിവാതകം എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് പൊളിച്ച റോഡുകൾ നന്നാക്കാത്തത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. അദാനി ഗ്യാസ് കമ്പനിയുടെ മേൽനോട്ടത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനെടുത്ത കുഴികൾക്കുമുകളിലാണ് ഇതുവരെ പൂർവസ്ഥിതിയിൽ ടാറിങ് നടത്താത്തത്. 13 കിലോമീറ്ററോളം വരുന്ന പാവങ്ങാട്-നല്ലളം റീച്ചിലെ പൈപ്പിടൽ ഒന്നരമാസം മുമ്പ് പൂർത്തിയായിരുന്നു. ഈ ഭാഗത്തെ പൈപ്പുകൾ സ്ഥാപിക്കാനായി പുതിയങ്ങാടി, വെസ്റ്റ്ഹിൽ, വണ്ടിപ്പേട്ട, മനോരമ ജങ്ഷൻ, മലബാർ ക്രിസ്ത്യൻ കോളജ്, മാവൂർ റോഡ് ജങ്ഷൻ, മാനാഞ്ചിറ, പാളയം, പുഷ്പ ജങ്ഷൻ, കല്ലായി, മീഞ്ചന്ത തുടങ്ങിയ ഭാഗങ്ങളിലാണ് കുഴികളെടുത്തത്.

ഒരു കിലോമീറ്ററിനുള്ളിൽ എഴ്, എട്ട് കുഴികളാണുള്ളത്. ഇത്രയും ദൂരത്ത് നൂറോളം കുഴികളുണ്ട്. കുഴികൾ മണ്ണിട്ട് മൂടിയിട്ടുണ്ടെങ്കിലും ഇതുവരെ ടാറിങ് നടത്തിയിട്ടില്ല. മഴ ശക്തമായതോടെ പലഭാഗത്തും കുഴികൾക്കുമുകളിലിട്ട മണ്ണ് താഴുകയും ചെയ്തിട്ടുണ്ട്. മുതലക്കുളം ഉൾപ്പെടെ ഭാഗങ്ങളിൽ കുഴി പൂർണമായും അടച്ചിട്ടില്ല. ഇവിടങ്ങളിൽ വാഹനാപകടങ്ങളുണ്ടാവാതിരിക്കാൻ അപായ ബോർഡുകൾ സ്ഥാപിച്ച് നാടകൾ കെട്ടിയിരിക്കുകയാണ്. റോഡിൽ വലിയ തടസ്സങ്ങൾ സൃഷ്ടിച്ചതോടെ കാൽനടക്കാരും ദുരിതത്തിലാണ്.

പലഭാഗത്തും സീബ്ര ലൈനിന് സമീപമെല്ലാമാണ് കുഴികളെടുത്തത്. സമയബന്ധിതമായി ടാറിങ് നടത്താതെ റോഡിൽ തടസ്സങ്ങൾ സൃഷ്ടിച്ചത് കണ്ണൂർ റോഡ്, വയനാട് റോഡ് എന്നിവിടങ്ങളിലടക്കം രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. അതേസമയം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് മീഞ്ചന്ത ജങ്ഷനിലെ ടാറിങ് പ്രവൃത്തി പ്രാഥമികമായി പൂർത്തിയാക്കിയിട്ടുണ്ട്.

മഴ കാരണമാണ് റോഡിലെ ടാറിങ് വൈകുന്നതെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി അധികൃതർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽതന്നെ ടാറിങ് നടത്തും. പൈപ്പ്‌ലൈൻ കടന്നുപോകുന്നതുമൂലം റോഡുകളിൽ ഉണ്ടാകുന്ന തകരാറുകൾ പരമാവധി കുറക്കാൻ ഹൊറിസോണ്ടൽ ഡയറക്ഷൻ ഡ്രില്ലിങ് (എച്ച്.ഡി.ഡി മെത്തഡോളജി) ആണ് കമ്പനി ഉപയോഗിക്കുന്നത്.

പിറ്റുകൾ മാത്രം എടുക്കുകയും ഭൂമിക്കടിയിലൂടെ നിർദിഷ്ട പൈപ്പ്‌ലൈൻ വലിച്ചുകൊണ്ട് വരുകയുമാണ് ചെയ്യുന്നത്.

പാവങ്ങാട്-നല്ലളം റീച്ചിൽ പൈപ്പിടൽ പൂർത്തിയായതാണ്. ഇനി ഇടവിട്ട് ചേംബറുകൾ സ്ഥാപിക്കാനാണുള്ളത്. ഇതിനുമുമ്പ് ടാറിങ് നടത്തും. കുന്ദമംഗലം, വെള്ളിമാടുകുന്ന്, ഇരിങ്ങാടൻപള്ളി, കോവൂർ, മെഡിക്കൽ കോളജ്, തൊണ്ടയാട്, പൊറ്റമ്മൽ, അരയിടത്തുപാലം, മാങ്കാവ്, മാവൂർ റോഡ് ജങ്ഷൻ ഭാഗത്തെ പണിയും തുടങ്ങിയിട്ടുണ്ട്. 

Tags:    
News Summary - City Gas: Non-repair of roads in piped areas is a threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.