കോഴിക്കോട്: വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്ക് നഗരത്തിൽ ആറിടത്ത് ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം. ഗ്യാസ് വിവിധ മേഖലകളിലേക്ക് തിരിച്ചുവിടുന്നതിനും മർദം ക്രമീകരിക്കാനും മറ്റുമുള്ളതാണ് സ്റ്റേഷനുകൾ.
പദ്ധതിയുടെ കരാറുകാരായ ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ് പ്രൈവറ്റ് ലിമിറ്റഡിന്റെ അപേക്ഷയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങൾ പരിശോധിച്ചാണ് സ്ഥലം അനുവദിച്ചത്. ചേവായൂരിലെ പാർക്കിന് മുൻവശം, ത്വഗ് രോഗാശുപത്രിക്കടുത്തെ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപം, കണ്ടംകുളം ജൂബിലി ഹാളിനരികിലുള്ള രാമൻ മേനോൻ റോഡിലെ ടെമ്പോ സ്റ്റാൻഡിന് സമീപം, ബീച്ചിൽ ബി.എസ്.എൻ.എൽ ഓഫിസിനടുത്ത്, ആദായനികുതി ഓഫിസിന് മുൻവശം, ബസ് സ്റ്റോപ്പിനരികിൽ, വെസ്റ്റ്ഹിൽ ഗരുഡൻകുളം പാർക്കിന് പിന്നിൽ എന്നിവിടങ്ങളിലാണ് സ്റ്റേഷൻ ഒരുക്കുക.
എട്ടുകൊല്ലംകൊണ്ട് 142 കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) പമ്പുകളിലും 2.5 ലക്ഷം വീടുകളിലും കണക്ഷൻ നൽകുകയാണ് ലക്ഷ്യം. പൈപ്പിടൽ ജോലികൾ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്.
ജില്ല അതിർത്തിയായ അരീക്കോടുനിന്ന് ആയഞ്ചേരി വരെ 64 കി.മീറ്ററാണ് ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നത്. വാഹനങ്ങൾക്കുവേണ്ടി 2023ൽ ജില്ലയിൽ 30 സി.എൻ.ജി സ്റ്റേഷനുകൾ സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ.
നഗരത്തിൽ കുന്ദമംഗലത്തുനിന്ന് വെള്ളിമാടുകുന്നിലേക്കാണ് നേരിട്ട് പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്നത്. അവിടെനിന്ന് മാവൂർ റോഡിലേക്കും കോവൂർ-വെള്ളിമാടുകുന്ന് റോഡിലേക്കും എത്തിക്കും.
കണ്ണൂർ റോഡിൽ പാവങ്ങാട് വരെയും മിനി ബൈപാസിൽ മാങ്കാവ് ശ്മശാനം ജങ്ഷൻ വരെയും സൗത്ത് ബീച്ച് രക്തസാക്ഷി മണ്ഡപം വരെയും നല്ലളം, ബേപ്പൂർ മേഖകളിലേക്കും പൈപ്പിടൽ പൂർത്തിയാക്കും. ഉണ്ണികുളം പഞ്ചായത്തിൽ പ്രകൃതിവാതക വിതരണത്തിന് സംവിധാനങ്ങളായിട്ടുണ്ട്. ഇപ്പോൾ എറണാകുളത്തുനിന്നാണ് പമ്പുകളിലേക്ക് ഗ്യാസ് കൊണ്ടുവരുന്നത്. അത് പൈപ്പിലൂടെ വരുന്നതോടെ നഗരത്തിൽ ഇപ്പോഴുള്ള സി.എൻ.ജി ക്ഷാമമൊഴിവാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.