നാദാപുരം: സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം എം.ഇ.ടി കോളജ് കാമ്പസ് പരിസരം സംഘർഷ ഭൂമിയാകുന്നതിൽ ആശങ്ക. നേരത്തെ കോളജ് പരിസരത്തെ സംഘർഷങ്ങൾ പുറത്തേക്ക് വ്യാപിപ്പിക്കുകയും കല്ലാച്ചി അടക്കമുള്ള ടൗണിൽ സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു. സർവകക്ഷി രാഷട്രീയ നേതൃത്വവും പൊലീസും നാട്ടുകാരും ചേർന്നുണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായിട്ടാണ് കോളജ് പരിസരം ശാന്തത കൈവരിച്ചത്.
എന്നാൽ, അടുത്ത കാലത്തായി നടക്കുന്ന സംഭവ വികാസങ്ങൾ കോളജ് പരിസരം വീണ്ടും സംഘർഷ ഭരിതമാക്കുകയാണ്. ഏതാനും ചില എം.എസ്.എഫ് പ്രവർത്തകരെ ഉപയോഗിച്ചാണ് സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
ജൂനിയർ, സീനിയർ വിദ്യാർഥികൾ എന്ന പേരിൽ ആരംഭിച്ച അക്രമണ പരമ്പരകളോടെയായിരുന്നു കോളജിലെ സംഘർഷങ്ങളുടെ തുടക്കം. പരിസരത്തെ വീടുകളിലടക്കം ഓടിക്കയറി വീട്ടിൽ സൂക്ഷിച്ച വസ്തുക്കളൊക്കെ എടുത്തായിരുന്നു ഏറ്റുമുട്ടൽ. രണ്ടുമൂന്ന് ദിവസങ്ങൾ ഇത് തുടർന്നപ്പോൾ കോളജിലെ ഉത്തരവാദിത്തപ്പെട്ട ആളുകളുടെ ഇടപെടൽ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടഞ്ഞു.
കോളജിൽ സംഘർഷമുണ്ടാക്കാൻ കഴിയില്ലെന്ന് ബോധ്യമായ കുട്ടികൾ പിന്നീട് സംഘർഷം കോളജിന് പുറത്തേക്ക് മാറ്റുകയായിരുന്നു. കോളജിന് പുറത്തുവെച്ചും ജൂനിയർ സീനിയർ വിദ്യാർഥികൾ വൻതോതിൽ അക്രമം അഴിച്ചുവിടുകയായിരുന്നു.
ഇതിനെ തുടർന്ന് സമീപത്തെ പല വീടുകൾക്കും, ചില കച്ചവട സ്ഥാപനങ്ങൾക്കും ഏറെ നാശനഷ്ടം സംഭവിക്കുകയുണ്ടായി. കടയിൽ ജോലി ചെയ്തിരുന്ന രണ്ടു പേർക്കും മർദനമേൽക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെ സ്വന്തം വാഹനങ്ങളും, വാഹനത്തിൽ സൂക്ഷിച്ച മൊബൈലുകളും ഉപേക്ഷിച്ചാണ് അക്രമത്തിൽ ഏർപ്പെട്ടവർ രക്ഷപ്പെട്ടത്.
മൊബൈലും വാഹനങ്ങളും പിന്നീട് നാട്ടുകാർ പ്രിൻസിപ്പലിനെ ഏൽപിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് നാട്ടുകാർ യോഗം ചേർന്ന് കോളജ് പ്രിൻസിപ്പലിനെ കാണുകയും നാട്ടുകാരുടെ ആവശ്യ പ്രകാരം ആക്രമണത്തിൽ ഏർപ്പെട്ട വിദ്യാർഥികളുടെ രക്ഷാകർത്താക്കളുടെ യോഗം വിളിക്കുകയും ചെയ്തു. വിദ്യാർഥികൾ അന്യായമായി രാത്രി എട്ടുമണി വരെയൊക്കെ കോളജ് കാമ്പസിൽ തങ്ങുന്നതായി നാട്ടുകാർ യോഗത്തിൽ പരാതി ഉന്നയിച്ചു.
ഇതിനെ തുടർന്ന് കോളജ് വിട്ടാൽ നാലുമണിയോടെ ഗേറ്റ് അടച്ചിടാനും സെക്യൂരിറ്റിക്കാരെ ഉപയോഗിച്ച് പരിശോധന നടത്താനും തീരുമാനിച്ചു. ജൂനിയർ, സീനിയർ വിദ്യാർഥി പ്രതിനിധികളായി നാലുപേരും കോളജ് അധികൃതരും നാട്ടുകാരും പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരം സംഘർഷമൊഴിവാക്കാൻ ധാരണ പത്രം തയാറാക്കുകയും ചെയ്തു.
എന്നാൽ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥികൾ തന്നെ ധാരണ തെറ്റിക്കുകയും വൈകീട്ട് വരെ കോളജിൽ തമ്പടിക്കുകയും ചെയ്തതോടെ, നാട്ടുകാരുമായി വീണ്ടും പ്രശ്നം ഉടലെടുത്തു. പിറ്റേ ദിവസം കോളജധികൃതർ വിദ്യാർഥികളെ കോമ്പൗണ്ടിനുള്ളിൽ പൂട്ടിയിട്ടതായി ആരോപിച്ച് എം.എസ്.എഫ് നേതാക്കളും രംഗത്തെത്തി.
എന്നാൽ, സമയപരിധി ലംഘിച്ച ഏതാനും വിദ്യാർഥികൾ മാത്രമാണ് ഈ സമയം ഗേറ്റിനുള്ളിലുണ്ടായിരുന്നതെന്നാണ് കോളജധികൃതർ പറയുന്നത്.
ഒരു പ്രദേശത്ത് സംഘർഷമുണ്ടാക്കിയ ആക്രമണകാരികളായ കുട്ടികൾ വീടുകൾക്കും കടകൾക്കും നേരെ നാശനഷ്ടമുണ്ടാക്കിയിട്ടും കുട്ടികൾക്കെതിരെ ഒരു കേസ് പോലും കൊടുക്കാൻ തയാറാകാത്ത ആളുകളാണ് പ്രദേശവാസികൾ. മാത്രമല്ല, കുട്ടികളുടെ 50000 മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള ഫോണുകൾ കൈയിൽ കിട്ടിയിട്ടും ഒരു പോറൽ പോലും ഏൽപിക്കാതെ പ്രിൻസിപ്പലിന് കൈമാറുകയും ചെയ്തു.
ഇത്രത്തോളം നാട്ടുകാർ മാന്യത കാണിച്ചിട്ടും നാട്ടുകാരും പ്രിൻസിപ്പലും അധ്യാപകരും കുട്ടികളുടെ പ്രതിനിധികളായ നാലുപേരും ചർച്ച നടത്തിയുണ്ടാക്കിയ തീരുമാനത്തിന് തീർത്തും കടകവിരുദ്ധമായി ഏതാനും വിദ്യാർഥികൾ നടത്തുന്ന നീക്കങ്ങളെ പിന്തുണക്കുന്ന എം.എസ്.എഫ് നേതൃത്വം കലാപത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നതെന്ന് പരിസരവാസികളും കോളജധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.