മുക്കം: പുതുക്കിപ്പണിയാൻ നടപടികൾ പുരോഗമിക്കുന്ന പാലത്തിന് സമീപം അപകടക്കെണിയൊരുക്കി പാർക്ക് നിർമാണം. നവീകരണം നടക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയോരത്ത് മുക്കം പാലത്തിനു സമീപം നടക്കുന്ന പാർക്ക് നിർമാണമാണ് അപകടഭീഷണിയും വലിയ സാമ്പത്തിക നഷ്ടവും വരുത്തുമെന്ന് പരാതിയുയർന്നിരിക്കുന്നത്.
മുക്കം നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മുക്കം പാലത്തിന് തൊട്ടരികിലാണ് റോഡിനോട് ചേർന്ന് പാർക്ക് നിർമിക്കുന്നത്. മുക്കം ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾക്ക് വളവ് അവസാനിക്കുന്നിടത്ത് നടക്കുന്ന നിർമാണം അപകടഭീഷണിയാണ്.
വീതികൂടിയ നാലുവരിപ്പാതയിൽനിന്ന് മുക്കം പാലത്തിനടുത്ത് വീതികുറഞ്ഞ് രണ്ടുവരിയാവുന്ന ഭാഗത്താണ് പാർക്ക് നിർമാണം.
വീതികുറഞ്ഞതും അരനൂറ്റാണ്ടോളം പഴക്കംചെന്നതുമായ പാലം പുനർനിർമിക്കുമ്പോൾ പാർക്ക് പൊളിച്ചുമാറ്റേണ്ട അവസ്ഥ വരും. പാലം പുതുക്കിപ്പണിയുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനവുമുണ്ടായിരുന്നു. ചുറ്റുമതിലിന് തന്നെ 16 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിക്കുന്നത്.
വ്യക്തമായ കാഴ്ചപ്പാടില്ലാതെ നടത്തുന്ന പ്രവൃത്തി ലക്ഷങ്ങൾ വെള്ളത്തിലാക്കുമെന്നതാണ് പൊതുജനങ്ങളുടെ ആശങ്ക. അതേസമയം, കെട്ടിടം നിർമിക്കുന്നില്ലെന്നും പാർക്കിന്റെ പേരെഴുതാൻ ഒരു ചുമർ മാത്രമാണ് നിർമിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.