കല്ലായി റോഡിൽ കഷ്ടപ്പാടായി ഓട നിർമാണം

ക​ല്ലാ​യി റോ​ഡി​ൽ പാ​തി​വ​ഴി​യി​ലാ​യ ഫു​ട്പാ​ത്ത് നി​ർ​മാ​ണം

കല്ലായി റോഡിൽ കഷ്ടപ്പാടായി ഓട നിർമാണം

കോഴിക്കോട്: ദേശീയപാതയിൽ കല്ലായി റോഡിൽ ഓടയുടെയും ഫുട്പാത്തിന്‍റെയും നിർമാണം യാത്രക്കാരെ വലക്കുന്നു. ഫ്രാൻസിസ് റോഡ് ജങ്ഷനിൽനിന്ന് ചെറുവണ്ണൂർ വരെ കല്ലായി റോഡിനിരുവശവും ഓവു ചാലുകളുണ്ടാക്കി സ്ലാബും ടൈലുമിട്ട് നടപ്പാതയുണ്ടാക്കുന്ന പണിയാണ് ആറു മാസത്തോളമായി പൂർത്തിയാക്കാനാവാതെ തുടരുന്നത്.

നഗരത്തിലേക്കുള്ള ഏറ്റവും പഴയ മുഖ്യപാതയായ കല്ലായി റോഡിൽ ഇപ്പോഴും മതിയായ നടപ്പാതകളില്ലാത്തതിനെതിരെ വ്യാപക പരാതിയുയർന്നതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ഓട നിർമിക്കാൻ തീരുമാനിച്ചത്.

കല്ലായി റോഡിൽ പലയിടത്തായി നടക്കുന്ന ഓടനിർമാണം പരസ്പരം ബന്ധിക്കാനാവാത്ത അവസ്ഥയാണ്. മതിയായ സ്ഥലം ഏറ്റെടുക്കാതെ പണി തുടങ്ങിയതിനാൽ നിർമാണം പലതായി മുറിഞ്ഞു. ഓടകൾ തമ്മിൽ ബന്ധമില്ലാത്തതിനാൽ മഴപെയ്താൽ വെള്ളം പലയിടത്തേക്ക് ഒഴുകുന്ന സ്ഥിതിയാണ്.

മഴ പെയ്താൽ നിർമാണം കഴിഞ്ഞ ഓടകൾ വഴിയെത്തുന്ന വെള്ളം കുത്തിയൊഴുകിയെത്തി വെള്ളക്കെട്ടുണ്ടാക്കും. കഴിഞ്ഞ മഴയിൽ പന്നിയങ്കര ഹെൽത്ത് സെന്‍റർ, കണ്ണഞ്ചേരി, പുന്നംകുളം തുടങ്ങിയ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായിരുന്നു. കൊട്ടാരം റെസിഡന്‍റ്സ് അസോസിയേഷൻ മേഖലയിൽ പള്ളിയിലും വീടുകളിലുമൊക്കെ വെള്ളമായിരുന്നു.

ഓടകളിൽനിന്ന് മഴയിൽ ഒഴുക്ക് തുടങ്ങിയാൽ അവ അടക്കുകയാണ് പരിസരവാസികൾക്കുള്ള ഏകമാർഗമിപ്പോൾ. അളന്ന് തിട്ടപ്പെടുത്താതെ തുടങ്ങിയ പണി പലയിടത്തായി സ്തംഭിച്ചുനിൽക്കുന്നു. പുന്നംകുളം, പാർവതീപുരം ഭാഗങ്ങളിലെല്ലാം ഓവില്ലാത്ത സ്ഥലത്തേക്ക് വെള്ളമൊഴുകുന്നു.

കടകൾക്കും മറ്റു സ്ഥാപനങ്ങൾക്കുമടുത്ത് മുഴുമിപ്പിക്കാതെ കിടപ്പാണ് ഓടകൾ. നേരത്തേ പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ ട്രാക്കിലേക്ക് വെള്ളമൊഴുകാൻ സൗകര്യമുണ്ടായിരുന്നെങ്കിലും അതെല്ലാം റെയിൽവേ അധികൃതർ ഈയിടെ അടക്കുകയും ചെയ്തു. പണി പൂർത്തിയായ സ്ഥലങ്ങളിൽ കല്ലുകളും മറ്റും പരന്നുകിടക്കുന്നതും യാത്രക്കാർക്ക് വിഷമമാവുന്നു.

ഗ്യാസ് പൈപ്പ് ലൈൻ നിർമാണക്കുഴികൾ കൂടിയാവുമ്പോൾ ദുരിതമിരട്ടിക്കുന്നു. ഗ്യാസ് പൈപ്പിടൽ കഴിഞ്ഞശേഷം കുഴികൾ വേണ്ടവിധം മൂടാത്തതിലും ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. നേരത്തേ കല്ലായിപ്പുഴയിലേക്കും ചെറുവണ്ണൂർ ഭാഗത്തേക്കുമൊഴുക്കുള്ള ചെറിയ ഓടകളാണിപ്പോൾ വലുതാക്കിയുണ്ടാക്കുന്നത്. വേണ്ടത്ര സ്ഥലം കണ്ടെത്താതെ പഴയ സ്ഥലത്തുതന്നെ ഓടയുണ്ടാക്കുന്നതാണ് മുഖ്യപ്രശ്നമെന്നാണ് പരാതി.

Tags:    
News Summary - construction of road on Kallai difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.