ടോൾ പ്ലാസ സ്ഥാപിക്കുന്നതിനാൽ സർവിസ് റോഡ് അനുവദിക്കാനാവില്ലെന്ന്
വടകര: മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റുവരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവിസ് റോഡൊരുക്കുന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റി നൽകിയ ഉറപ്പ് പാലിച്ചില്ല. മുക്കാളി മുതൽ എക്സൈസ് ചെക്പോസ്റ്റിന് ഇടയിലാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ടോൾപ്ലാസ സ്ഥാപിക്കാൻ തീരുമാനിച്ചത്. ടോൾ പ്ലാസ സ്ഥാപിക്കുന്നതിനാൽ ഇവിടെ സർവിസ് റോഡ് അനുവദിക്കാൻ കഴിയില്ലെന്നാണ് അതോറിറ്റി പറയുന്നത്. നേരത്തേ ജനപ്രതിനിധികളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതോടെ ദേശീയപാത പ്രോജക്ട് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും കമ്പനിപ്രതിനിധികളും നേരിട്ട് സ്ഥലത്തെത്തി സർവിസ് റോഡോ മറ്റു സംവിധാനമോ ഏർപ്പെടുത്തുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇത് അട്ടിമറിക്കുന്ന തരത്തിലാണ് അധികൃതരുടെ പുതിയ നിലപാട്. കിഴക്കുഭാഗത്ത് റെയിലിനും ദേശീയപാതക്കും ഇടയിലുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് സർവിസ് റോഡില്ലെങ്കിൽ പുറത്തേക്കു പോകാനാവില്ല. ദേശീയപാത അതോറിറ്റിയുടെ സർവിസ് റോഡില്ലെന്ന പുതിയ തീരുമാനം ജനങ്ങളെ വലക്കുമെന്നുറപ്പാണ്.
ടോൾപ്ലാസക്കടുത്ത് സർവിസ് റോഡ് അനുവദിച്ചാൽ ടോൾ ചോർച്ചയുണ്ടാകുമെന്ന നിഗമനത്തെ തുടർന്നാണ് ഇത് അനുവദിക്കാൻ ദേശീയപാത അതോറിറ്റി തയാറാവാത്തതെന്നും ആക്ഷേപമുണ്ട്. ദേശീയപാത പ്രോജക്ട് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സർവിസ് റോഡോ മറ്റു ബദൽ സംവിധാനമോ ഏർപ്പെടുത്തുമെന്ന് നൽകിയ ഉറപ്പ് പാലിക്കണമെന്ന് മുക്കാളി സർവിസ് റോഡ് ആക്ഷൻ കമ്മിറ്റി കൺവീനർ എ.ടി. മഹേഷ്, ദേശീയപാത കർമസമിതി സംസ്ഥാന നിർവാഹകസമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.