വടകര: ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായ വടകര മാഹി കനാലിന്റെ അഞ്ചാം റീച്ചിൽ കളിയാംവെള്ളി തുരുത്തി മുക്ക് ജലപാത നിർമാണം പൂർത്തിയായി. കനാലിന്റെ ഇടതുവലത് കരകളിലെ റോഡുകളുടെയും ഭിത്തിനിർമാണവുമാണ് പൂർത്തിയാവാനുള്ളത്.
കരിങ്ങാലി മുക്കിലെ നാവിഗേഷൻ ലോക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്. പ്രവൃത്തി പൂർണമാവുന്നതോടെ ഈ ഭാഗങ്ങളിലൂടെ ജലഗതാഗതം സുഗമമാവും. കനാലിന്റെ ചില ഭാഗങ്ങളിൽ കയർഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷണഭിത്തി ഒരുക്കേണ്ടതുണ്ട്. 2600 മീറ്ററോളം ഭാഗത്ത് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
റോഡ് നിർമാണത്തിന് 35 ഏക്കറോളം ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നഷ്ടപരിഹാര തുക തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്. ഭൂമിയുടെ രേഖകളുടെ പരിശോധന നടന്നുവരുകയാണ്. ആഗസ്റ്റ് അവസാനത്തോടെ ഭൂമി പൂർണമായും നിർമാണപ്രവർത്തനങ്ങൾക്ക് വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ ഭൂവുടമകളുടെ സമ്മതത്തിൽ പ്രവൃത്തി നടന്നുവരുകയാണ്. ജലപാത വികസനം 2025ല്‍ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തികള്‍ ഊർജിതമായി നടക്കുന്നത്.
16.95 കോടി രൂപയുടെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തി ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. യു.എൽ.സി.സി.എസിനാണ് നിർമാണച്ചുമതല. 2023 ഡിസംബറോടെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് നിർമാണം പൂർത്തിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.