കോഴിക്കോട്: സേവനങ്ങൾ കടലാസുരഹിതമാകുന്നതിന്റെ ഭാഗമായി ജനുവരി ഒന്നു മുതൽ കോഴിക്കോട് കോർപറേഷനും കെ സ്മാർട്ടായെങ്കിലും സ്മാർട്നസ് പോര. നേരത്തേതന്നെ ഓൺലൈൻ വഴിയായിരുന്ന ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഇപ്പോഴും പൂർണമായി സ്മാർട്ട് ആയത്.
ജീവനക്കാർക്ക് ആവശ്യത്തിന് കമ്പ്യൂട്ടർ സജ്ജീകരിക്കാത്തതും പരിശീലനം ലഭിക്കാത്തതും പ്രതിസന്ധിക്കിടയാക്കുന്നു. ജനുവരി ഒന്നു മുതൽ എല്ലാ സേവനങ്ങളും കടലാസുരഹിതമാക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും കോർപറേഷൻ ഇത്തരത്തിലുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ലെന്നാണ് ആരോപണം. ജീവനക്കാർക്ക് മാസ്റ്റർ ട്രെയിനിങ് മാത്രമാണ് നൽകിയത്. രണ്ടുദിവസത്തെ പരിശീലനം കമ്പ്യൂട്ടർ നൽകാതെയായിരുന്നുവെന്നതിനാൽ പ്രഹസനമാവുകയായിരുന്നു.
ഭൂനികുതി ഒഴികെ മറ്റെല്ലാ സേവനങ്ങളും ഓൺലൈൻ വഴിയാക്കിയിട്ടുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി ബിനി അറിയിച്ചു. എന്നാൽ, പുതിയ അപേക്ഷകൾ മാത്രമാണ് ഇപ്പോൾ ഓൺലൈൻ വഴി നടക്കുന്നത്. പഴയ ഫയലുകൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാത്തതിനാൽ നേരത്തെയുള്ള അപേക്ഷകളിൽ ഓൺലൈൻ സേവനങ്ങൾ നൽകാൻ കഴിയുന്നില്ല. ഇവ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.ഈ മാസം 15ഓടെ വസ്തുനികുതി ഉൾപ്പെടെയുള്ളവ ഓൺലൈൻ വഴിയാക്കുമെന്നും കോർപറേഷൻ അധികൃതർ വിശദീകരിച്ചു.
ഘട്ടംഘട്ടമായി മാത്രമേ കെ സ്മാർട്ടിലേക്ക് കടക്കാനാവൂ. മൂന്നു മാസംകൊണ്ട് പൂർണമായി മാറാനാകുകയുള്ളൂവെന്നും അധികൃതർ പറയുന്നു. ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ സോഫ്റ്റ് വെയറാണ് കെ സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റിവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ). കെ സ്മാർട്ട് മൊബൈൽ ആപ്, വെബ് പോർട്ടൽ എന്നിവയിലൂടെയായിരിക്കും ഇത്തരം സേവനങ്ങൾ. കോഴിക്കോട്: മുനിസിപ്പൽ കോർപറേഷനിൽ കെ സ്മാർട്ട് സിസ്റ്റം വഴിയുള്ള ആദ്യ കെട്ടിട നിർമാണ അനുമതി കോഴിക്കോട് തിങ്കളാഴ്ച ലഭ്യമായി. അനുമതി രേഖകളുടെ പകർപ്പ് മേയർ ബീന ഫിലിപ് സ്ഥലമുടമ പ്രഭാകരന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.