കോഴിക്കോട്: കോർപറേഷന്റെ രണ്ടാമത്തെ മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. രണ്ടാമത്തെ പ്ലാന്റും മെഡിക്കൽ കോളജ് ആശുപത്രിയോട് ചേർന്നാണ് സ്ഥാപിച്ചത്. ഒരു ദശലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാവുന്ന പ്ലാന്റ് 27ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഇതോടെ മെഡിക്കൽ കോളജിലെ മലിനജല പ്രശ്നത്തിന് പൂർണ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് സീറോ വേസ്റ്റ് മെഡിക്കൽ കോളജ് പദ്ധതിയുടെ കോഓഡിനേറ്റർ സത്യൻ മായനാട് പറഞ്ഞു.
ആശുപത്രിയോടനുബന്ധിച്ച് നേരത്തേ സ്ഥാപിച്ച രണ്ട് ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന് പുറമെ 3.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനിച്ചത്. അതിൽ 2.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റാണ് ഒക്ടോബറിൽ പ്രവർത്തിച്ചുതുടങ്ങിയത്. ഇനിയുള്ള ഒരു ദശലക്ഷം ലിറ്റർ പ്ലാന്റാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. മെഡിക്കൽ കോളജ് ആശുപത്രി, കോളജ് കാമ്പസിലെ ഹോസ്റ്റലുകൾ, വിവിധ സ്ഥാപനങ്ങൾ, കാന്റീൻ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലവും ശുചിമുറി മാലിന്യവും പൈപ്പ്ലൈൻ വഴി പ്ലാന്റിലെത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. മാലിന്യം സംസ്കരിച്ച ശേഷമുള്ള വെള്ളം ശുദ്ധീകരിച്ച് കനോലി കനാലിലേക്ക് ഒഴുക്കും.
മെഡിക്കൽ കോളജ് പരിസരത്തെ ജനങ്ങളുടെ ആവശ്യംകൂടി കണക്കിലെടുത്താണ് നേരത്തേ രണ്ട് ദശലക്ഷം ലിറ്ററിന്റെ പ്ലാന്റ് സ്ഥാപിച്ചത്. കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോമേഷൻ (അമൃത്) പദ്ധതിയിൽ പണി പൂർത്തിയാക്കുന്ന കോർപറേഷന്റെ ആദ്യ പ്ലാന്റായിരുന്നു ഇത്. കിണറുകൾ മലിനമാകുന്നതായ പരാതിക്ക് ഇതോടെ പരിഹാരമായിരുന്നു. പുതിയ പ്ലാന്റ് വരുന്നതോടെ സമീപ വാർഡുകളിൽനിന്നുള്ള ശുചിമുറി മാലിന്യവും മെഡിക്കൽ കോളജ് പ്ലാന്റിൽ സംസ്കരിക്കാനാകുമെന്നാണ് പ്രതീക്ഷ.
മെഡിക്കൽ കോളജിലെ എല്ലാ പ്ലാന്റുകളും പ്രവർത്തിച്ചുതുടങ്ങുന്നതോടെ മലിനജല സംസ്കരണ പ്ലാന്റുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനാകുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് കഴിഞ്ഞ ദിവസം ബജറ്റ് പ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മെഡിക്കൽ കോളജ് പ്ലാന്റിന്റെ മാതൃകയിലാണ് ആവിക്കലും കോതിയിലും സരോവരത്തും പുതിയ മലിനജല സംസ്കരണ പ്ലാന്റ് പണിയാൻ തീരുമാനിച്ചത്. മെഡിക്കൽ കോളജിൽ കോഴിക്കോട് കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോളജിന് നിർമിച്ചുനൽകിയ 20 ലിറ്റർ മലിനജലം ദിവസവും ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഒക്ടോബറിലായിരുന്നു. നൂതന സാങ്കേതിക വിദ്യയായ ഇലക്ട്രോലൈറ്റ് പ്രോസസിങ് മെത്തേഡ് വഴിയാണിതിന്റെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.