കോഴിക്കോട്: മെഡിക്കൽ കോളജിൽ കോർപറേഷൻ നിർമിക്കുന്ന മലിനജല സംസ്കരണ പ്ലാന്റ് പണി അവസാനഘട്ടത്തിൽ. കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയിൽ പണി പൂർത്തിയാക്കുന്ന കോർപറേഷന്റെ ആദ്യ പ്ലാന്റാണിത്.
ട്രയൽ റൺ അടക്കമുള്ള അവസാനഘട്ട പ്രവൃത്തികളുടെ അവലോകന യോഗം മേയർ ഡോ. ബീന ഫിലിപ്പിന്റെ ചേമ്പറിൽ നടന്നു. ഒക്ടോബർ ആദ്യവാരം ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ മെഡിക്കൽ കോളജിലെ സീറോ വേസ്റ്റ് മെഡിക്കൽ കോളജ് പദ്ധതിയുടെ മൂന്നാം ഘട്ടമാണ് വിജയത്തിലേക്ക് നീങ്ങുന്നതെന്ന് സീറോ വേസ്റ്റ് മെഡിക്കൽ കോളജ് പദ്ധതിയുടെ കോഓഡിനേറ്റർ സത്യൻ മായനാട് പറഞ്ഞു. ദിവസം 20 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാവുന്ന പ്ലാന്റാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്.
നിലവിലുള്ള പ്ലാന്റിനടുത്ത് പഴയ പി.ജി ഹോസ്റ്റലിന് സമീപത്താണ് പ്ലാന്റ്. തൊട്ടടുത്ത് നഴ്സിങ് കോളജിനോട് ചേർന്ന് ദിവസം 10 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാനുള്ള പ്ലാന്റിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു. ഇതിന്റെ 70 ശതമാനം പണി പൂർത്തിയായതായാണ് കണക്ക്.
ഏറ്റവും ആധുനികമായ സംസ്കരണ രീതിയാണ് പുതിയ പ്ലാന്റിലുള്ളത്. ഇലക്ട്രോലൈറ്റ് കൊയാഗുലേഷൻ സംവിധാനമാണ് പ്ലാന്റിലുള്ളത്. ബാക്ടീരിയകളെ വലിയ തോതിൽ ഉൽപാദിപ്പിക്കണമെന്നതായിരുന്നു മെഡിക്കൽ കോളജിലെ ആദ്യ മലിനജല സംസ്കരണ പ്ലാന്റിന്റെ ബുദ്ധിമുട്ട്. വിവിധ ടാങ്കുകളിൽ ഊറ്റിയെടുക്കുന്ന രീതിയായിരുന്നു ആദ്യത്തെ പ്ലാന്റിനുള്ളത്.
പുതിയ പ്ലാന്റിൽ മെഡിക്കൽ കോളജിലെ മലിനജലത്തിന് പുറത്തുള്ളതും സംസ്കരിക്കാനാവും. മെഡിക്കൽ കോളജിൽ ഇപ്പോഴുള്ള പ്ലാന്റ് 2010 ആഗസ്റ്റ് 16നാണ് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തത്. എന്നാൽ, ശുദ്ധീകരിച്ച വെള്ളം തുറന്നുവിടാനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ പ്രവർത്തനം മുടങ്ങി.
ശുദ്ധീകരിച്ച വെള്ളം മാവൂർ റോഡ് വഴി കനോലി കനാലിലെത്തിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നു. പൈപ്പ് കടന്ന് പോവുന്ന മേഖലയിലെല്ലാം നാട്ടുകാരുടെ പ്രതിഷേധമുയർന്നു. നേതാക്കളും ജനപ്രതിനിധികളും പലതവണ ചർച്ചകൾ നടത്തിയും ബോധവത്കരണം നടത്തിയുമാണ് പൈപ്പിടൽ പൂർത്തിയായത്. വെറുതെകിടന്ന യന്ത്രങ്ങളും മറ്റും നന്നാക്കി 2017ലാണ് പ്ലാന്റ് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.