കോഴിക്കോട്: അന്തേവാസിയുടെ കൊലപാതകത്തിനുപിന്നാലെ ജില്ല ജഡ്ജിയും മാനസികാരോഗ്യ കേന്ദ്രം മോണിറ്ററിങ് കമ്മിറ്റി ചെയർപേഴ്സനുമായ പി. രാഗിണിയും ജില്ല ലീഗൽ സർവിസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി. ഷൈജലും മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ബോധ്യപ്പെട്ട കാര്യങ്ങൾ റിപ്പോർട്ടാക്കി ഉടൻ ഹൈകോടതിക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നൂറിലേറെ വനിത അന്തേവാസികളുള്ള ആരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെയുള്ള നാല് തസ്തികകളിലും താൽക്കാലിക ജീവനക്കാരാണുള്ളത്. മാത്രമല്ല, വനിത സുരക്ഷ ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്. വനിതകളുൾപ്പെടെ 20 സുരക്ഷ ജീവനക്കാരെയെങ്കിലും നിയമിക്കണം.
2014ൽ ആരംഭിച്ച് 2016ൽ പൂർത്തിയാക്കാൻ നിശ്ചയിച്ച മാസ്റ്റർ ഇതുവരെ ആയിട്ടില്ല. സർക്കാർ തലത്തിലടക്കം ഇതിന് മതിയായ ഇടപെടലുകളുണ്ടാവണം. ആരോഗ്യ കേന്ദ്രത്തിലെ ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്.
ഇവ വികസിപ്പിക്കണം. മാത്രമല്ല ആരോഗ്യ കേന്ദ്രത്തെ ഹൈടെക് സെന്ററാക്കി മാറ്റുകയും വേണം. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിക്ക് റിപ്പോർട്ട് നൽകുക.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ജീവനക്കാരുടെ വീഴ്ചയും ആശുപത്രിയിലെ മറ്റു പ്രതിസന്ധികളും ചൂണ്ടിക്കാട്ടി സൂപ്രണ്ട് ഡോ. കെ.സി. രമേശൻ ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് പരിശോധിച്ചശേഷം അടുത്ത ദിവസം ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.വി. ആശയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ജീവനക്കാർ സെല്ലിൽ നിരീക്ഷണം നടത്തുന്നതിലടക്കം വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഒരു നഴ്സും രണ്ടു നഴ്സിങ് അസിസ്റ്റന്റുമാരുമാണ് കൊലപാതകസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. അടിപിടിയുണ്ടായതോടെ ബീവിയെ മറ്റൊരു സെല്ലിലേക്കു മാറ്റിയെന്നതല്ലാതെ തറയിൽ വീണുകിടന്ന ജിയറാം ജിലോട്ടിന് ജീവനക്കാരിൽനിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള പ്രധാന വീഴ്ച. നൂറിലേറെ വനിത അന്തേവാസികളുള്ള ആരോഗ്യകേന്ദ്രത്തിൽ നാലു സുരക്ഷാജീവനക്കാരുടെ തസ്തിക മാത്രമാണുള്ളത്. ഇതും താൽക്കാലിക നിയമനമാണ്. വനിത സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നും കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.