കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ വൈദ്യലോകം ഞെട്ടി. പ്രതിഷേധവും സമരങ്ങളും ജില്ലയിലെ സർക്കാർ ആശുപത്രികളുടെ താളംതെറ്റിച്ചു. ഗവ. മെഡി. കോളജ്, ബീച്ച് ജനറൽ ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി, താലൂക്ക് ആശുപത്രികളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പ്രതിഷേധം രോഗികളെ വലച്ചു.
മെഡി. കോളജിൽ രാവിലെ പത്തുവരെ ഒ.പി സാധാരണപോലെ പ്രവർത്തിച്ചു. ഞെട്ടിക്കുന്ന വാർത്ത വന്നതോടെ ഒ.പികളിൽ അനിശ്ചിതത്വമായി. ഓർത്തോ ഉൾപ്പെടെ വിഭാഗങ്ങളിൽ രോഗികൾക്ക് പ്രതിസന്ധി രൂക്ഷമായിരുന്നു. 2200ഓളം രോഗികളാണ് മെഡി. കോളജ് വിവിധ ഒ.പി വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തിയത്. നിരവധിപേര്‍ തിരിച്ചുപോയി. മെഡിസിന്, ഓര്‍ത്തോ, ഇ.എന്‍.ടി ഒ.പികളിലാണ് രോഗികളുടെ തിരക്ക് കൂടുതല്‍ അനുഭവപ്പെട്ടത്. സാധാരണ ഗതിയില്‍ രണ്ടുവരെ തുടരുന്ന ഒ.പിയില്‍ 12 വരെയാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്. ഉച്ചയോടെ പ്രതിഷേധപ്രകടനങ്ങളും മറ്റുമായി ചികിത്സ വൈകി. ഇതിനിടെ മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഹൗസ് സർജന്മാരും പി.ജി വിദ്യാർഥികളും ഉച്ചക്കുശേഷം ജോലിയിൽനിന്ന് പൂർണമായും വിട്ടുനിന്നതോടെ കാഷ്വാലിറ്റിയിലും പ്രതിസന്ധിയായി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ യൂനിറ്റ് മേധാവികൾ കാഷ്വാലിറ്റിയിൽ സജീവമായി. അത്യാവശ്യ ശസ്ത്രക്രിയകൾ ഉൾപ്പെടെ നടന്നതായും പ്രതിസന്ധി രൂക്ഷമാവാതെ നോക്കാൻ സാധിച്ചതായും മെഡി. കോളജ് പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി ‘മാധ്യമ’ത്തോട് പറഞ്ഞു. പി.ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും അടങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗം അടക്കമുള്ള സര്‍വിസുകള്‍ ബഹിഷ്കരിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ എമര്‍ജന്‍സി സര്‍വിസുകളില്‍ മാത്രമാണ് ജോലി ചെയ്തത്.
പണിമുടക്കിയ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും അത്യാഹിത വിഭാഗത്തിനുമുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ധര്‍ണയും പ്രതിഷേധപ്രകടനവും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമല്‍ ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഡോ. മായ സുധാകരന് അധ്യക്ഷത വഹിച്ചു. ഡോ. വിഷ്ണു ജിത്തു (പി.ജി അസോസിയേഷന്), ജെസ്റ്റിന് ബെന്നി (സ്റ്റുഡന്റസ് യൂനിയന്‍), ഡോ. സച്ചിന് (ഹൗസ് സര്‍ജന്‍സ് അസോസിയേഷന്), ഡോ. പ്രണവ്, ഐ.എം.എ പ്രതിനിധി ഡോ. റോയ് ആര്. ചന്ദ്രന്, കെ.ജി.പി.എം.ടി.എ പ്രതിനിധി ഡോ. ബിനേഷ്, നഴ്സുമാരുടെ പ്രതിനിധി സുമതി, ഷീന, പി.പി. സുധാകരന് (കെ.ജി.ഒ.എ), ഹംസ കണ്ണാട്ടില്‍ (എന്‍.ജി.ഒ യൂനിയന്‍), സി. അഞ്ജു (എസ്.എഫ്.ഐ), ആരോഗ്യ സര്‍വകലാശാല സ്റ്റുഡന്റ്സ് കൗണ്‍സില്‍ പ്രതിനിധി ആല്‍ഫ്രഡ് എന്നിവര്‍ സംസാരിച്ചു.
നൂറുകണക്കിന് രോഗികൾ ഒ.പിയിൽ ചികിത്സ തേടുന്ന ജില്ല ജനറൽ ആശുപത്രിയുടെ പ്രവർത്തനം ശരിക്കും അട്ടിമറിഞ്ഞു. ഡോക്ടർ കൊല്ലപ്പെട്ട വാർത്ത വന്നതോടെ എല്ലാ ഒ.പികളും നിലച്ചു. കാഷ്വാലിറ്റിയിൽ അത്യാവശ്യം രോഗികളെ പരിശോധിച്ചു. ജീവനക്കാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. പനി-വയറിളക്ക സീസണായതിനാൽ വലിയ തിരക്കാണ് ഒ.പി വിഭാഗത്തിൽ ഉണ്ടായിരുന്നത്. പത്തുമണിയോടെ ഒ.പി പ്രവർത്തനം നിലച്ചു. പ്രതിഷേധ യോഗത്തിൽ ഡോ. സച്ചിൻബാബു, ഡോ. ആശ, ഡോ. ശ്രീജിത്ത്, കെ.ജി.എം.ഒ.എ പ്രതിനിധി ഡോ. വിപിൻ, ഡോ. രേണുക, ഡോ. ഷീജ തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട്: കേരള ഗവ. നഴ്സസ് യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ആരോഗ്യ പ്രവർത്തകർക്കുനേരെ നടക്കുന്ന നിരന്തര ആക്രമണങ്ങൾക്കൊടുവിൽ യുവ ഡോക്ടർ കുത്തേറ്റ് മരണപ്പെട്ടിരിക്കുകയാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ ചികിത്സ നൽകി ജീവൻ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സർക്കാറും സംവിധാനങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുമ്പ് നടന്ന പല ആക്രമണങ്ങളിലും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ആരോഗ്യ പ്രവർത്തകർക്ക് നിർഭയമായി ജോലിചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും ഡോക്ടറുടെ കുടുംബത്തിന് ആശ്വാസമാകുംവിധം സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ രോഗികൾ പകുതിയിലേറെ തിരിച്ചുപോയി. ഒ.പി വിഭാഗം പത്തരവരെ പ്രവർത്തിച്ചു. അത്യാവശ്യ രോഗികളെ കാഷ്വാലിറ്റിയിൽ ചികിത്സിച്ചു. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ഒന്നടങ്കം പ്രതിഷേധപ്രകടനവും ധർണയും നടത്തി. ഡോ. റജിൽ, ഡോ. രാജശ്രീ, ഡോ. രശ്മി രാജ്മോഹൻ, ഡോ. സുപ്രിയ, സ്റ്റാഫ് സെക്രട്ടറി രശ്മി എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: ഐ.എം.എ കോഴിക്കോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷ്, ഐ.എം.എ നേതാക്കളായ ഡോ. പി.എൻ. അജിത, ഡോ. ശങ്കർ മഹാദേവൻ, ഡോ. അജിത് ഭാസ്കർ, ഡോ. സി.കെ. ഷാജി, ഡോ. കെ. സന്ധ്യ കുറുപ്പ്, ഡോ. എ.കെ. അബ്ദുൽ ഖാദർ, ഡോ. കെ.വി. രാജു, ഡോ. റോയ് ആർ. ചന്ദ്രൻ, ക്യു.പി.എം.പി.എ പ്രതിനിധി ഡോ. റോയ് വിജയൻ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിന്റെ തുടർച്ചയായി വൈകീട്ട് ഏഴിന് മാനാഞ്ചിറ കിഡ്സൺ കോർണറിൽ മെഴുകുതിരി കത്തിച്ച് ധർണയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.