പ്രതീകാത്മക ചിത്രം

തിരുവോണം കഴിഞ്ഞ് ദിവസങ്ങളായിട്ടും ഓണക്കിറ്റ് വിതരണം പൂര്‍ത്തിയായില്ല

എകരൂല്‍: തിരുവോണം കഴിഞ്ഞ് ദിവസങ്ങളായിട്ടും ഉണ്ണികുളം പഞ്ചായത്തിലെ ഏതാനും റേഷൻകടകളിൽ ഓണക്കിറ്റ് വിതരണം പൂർത്തിയായില്ല. കിറ്റ് സ്​റ്റോക്ക്​, എത്തിക്കാൻ സാധിക്കാത്തതാണ് വിതരണം മുടങ്ങാൻ കാരണം. ഓരോ പഞ്ചായത്തിലെയും മാവേലി സ്​റ്റോറുകൾക്കാണ് കിറ്റുകൾ തയാറാക്കേണ്ട ചുമതല.

എന്നാല്‍, കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ സ്​റ്റോക്കില്ലാത്തതിനാലാണ് കിറ്റുകള്‍ തയാറാക്കാന്‍ താമസം നേരിടുന്നത്. ഉണ്ണികുളത്തെ ഏതാനും വാര്‍ഡുകള്‍ 10 ദിവസങ്ങളായി കണ്ടെയ്​ൻമെൻറ്​ സോണിലാണ്. അതിനാല്‍ ഈ പ്രദേശങ്ങളിലെ കാര്‍ഡ് ഉടമകളോട് ആരും തിക്കിത്തിരക്കി റേഷന്‍ കടകളില്‍ എത്തേണ്ടതില്ലെന്നും ഓണം കഴിഞ്ഞാലും കിറ്റുകള്‍ ലഭിക്കുമെന്നും സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, കിറ്റുകളുടെ അപര്യാപ്തത ഓണം കഴിഞ്ഞിട്ടും വിതരണത്തെ പ്രതിസന്ധിയിലാക്കി.

തിരുവോണത്തിന് മുമ്പ് തന്നെ ചില റേഷന്‍ കടകളില്‍ കിറ്റുകള്‍ സ്​റ്റോക്ക് തീര്‍ന്നിരുന്നു. കിറ്റുകൾ എത്തിക്കാൻ സിവിൽ സപ്ലൈസ് കോർപറേഷൻ ബദൽ സംവിധാനം ഒരുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് റേഷൻ കടയുടമകൾ കുറ്റപ്പെടുത്തി. കിറ്റെത്താൻ വൈകിയതും വിതരണത്തിലുണ്ടായ പാകപ്പിഴകളുമാണ് എല്ലാവർക്കും കിറ്റ് കിട്ടാത്തതിന് കാരണമെന്ന് റേഷൻകട ഉടമകൾ പറയുന്നു.

റേഷന്‍ കാര്‍ഡുകളുടെ എണ്ണം കണക്കാക്കാതെ ജൂലൈ മാസം റേഷൻ വാങ്ങിയവരുടെ എണ്ണം കണക്കാക്കിയാണ് ഇത്തവണ റേഷന്‍ കടകളിൽ കിറ്റ് എത്തിച്ചത്. അതിനാല്‍ ചില കടകളില്‍ ആവശ്യത്തിന് കിറ്റുകള്‍ ലഭിച്ചില്ല. കിറ്റി​െൻറ എണ്ണം കണക്കാക്കി മുൻകൂട്ടി രജിസ്​റ്റർ ചെയ്ത റേഷൻ കടക്കാർക്ക് എണ്ണം കുറച്ചാണ് കിറ്റ് നൽകിയത്.

കിറ്റില്ലാതെ നാലും അഞ്ചും ദിവസമായി തിരിച്ചുപോകേണ്ടിവരുന്നത് പലയിടത്തും ഉപഭോക്താക്കളും റേഷൻകടയുടമകളും തമ്മിൽ വാക്കേറ്റത്തിനും കാരണമായി. ആഗസ്​റ്റ്​ 30 വരെ വിതരണംചെയ്യുമെന്നാണ്​ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഈമാസം അഞ്ചു വരെയും വീണ്ടും 10 വരെയുമായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു. അതേസമയം, ആഗസ്​റ്റ്​ മാസം വാങ്ങേണ്ട കിറ്റുകള്‍ യഥാസമയം വാങ്ങാതെ സെപ്റ്റംബറിലേക്ക് കാത്തിരുന്നതാണ് കിറ്റ് ലഭിക്കാതിരിക്കാന്‍ കാരണമെന്നും കിറ്റുകള്‍ സ്​റ്റോക്കില്ലെന്ന്‍ പറയുന്നത് ശരിയല്ലെന്നും താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസര്‍ പി. പ്രമോദ് പറഞ്ഞു.

കിറ്റുകൾ കിട്ടാതെ വലയുന്നു

മുക്കം: മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ എന്നീ പഞ്ചായത്തുകളിലെ ഏതാനും റേഷൻ കടകളിലും സൗജന്യ ഓണക്കിറ്റുകൾ ലഭിച്ചില്ലെന്ന് പരാതിയുണ്ട്​. ബന്ധപ്പെട്ട അധികൃതരോട് അന്വേഷിച്ചപ്പോൾ കിറ്റിലുള്ള സേമിയം, പപ്പടം പാക്കറ്റുകൾ ലഭിച്ചില്ലെന്നും പുതിയ പർച്ചേസ്​ നടക്കണമെന്നാണ് മറുപടിയായി റേഷൻ കടക്കാർക്ക് ലഭിച്ചത്. പല തീയതികൾ അറിയി​െച്ചങ്കിലും ഉപഭോക്​താക്കൾ കിറ്റ്​ കിട്ടാതെ റേഷൻ കടകളിൽ വന്ന് തിരിച്ചുപോകുന്ന കാഴ്ചയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.