എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന കാപ്പിയിൽ -വാളന്നൂർ പീടിക -കിനാലൂർ കെ.എസ്.ഐ.ഡി.സി റോഡ് തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിൽ.
നൂറിലേറെ കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് തകർന്ന് കുഴികളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കാൽനടപോലും അസാധ്യമായ നിലയിലാണ്.
റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷകൾ പ്രദേശത്തേക്ക് വരാൻ മടിക്കുകയാണ്. എകരൂലിൽനിന്ന് ബാലുശ്ശേരി ഗവ. കോളജ്, മങ്കയം, ഏഴുകണ്ടി ഭാഗങ്ങളിലേക്കും കിനാലൂരിലെ വിവിധ വ്യവസായ സ്ഥാപനങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണ് തകർന്നുകിടക്കുന്നത്. റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊടുവള്ളി: കാലവർഷം കനത്തതോടെ മടവൂർ ഗ്രാമപഞ്ചായത്തിലെ പൈമ്പാലശ്ശേരി-പുല്ലാളൂർ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. കീഴേടത്ത് താഴം പാലത്തിനുസമീപവും മുട്ടാഞ്ചേരി ടൗൺ മസ്ജിദിന് സമീപവുമാണ് വെള്ളം കെട്ടിനിന്ന് പരിസരവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നത്.
നൂറുകണക്കിന് വിദ്യാർഥികളടക്കമുള്ളവർ ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. മഴ കനക്കുന്നതോടെ തൊട്ടടുത്ത വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയും ചെയ്യും. അങ്ങാടിയിലെ മാലിന്യങ്ങൾ സമീപത്തെ വീട്ടുമുറ്റത്തേക്ക് എത്തുന്നതും ദുരിതമാണ്.
പൈമ്പാലശ്ശേരി - പുല്ലാളൂർ റോഡിന് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ടിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് നാഷനൽ ജനതാദൾ നേതാക്കളായ ചോലക്കര മുഹമ്മദ്, എ.പി. യൂസുഫ് അലി മടവൂർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.