എകരൂൽ: മാളൂർ കരിങ്കൽ ക്വാറിയിൽ സ്ഥാപിക്കാൻ തീരുമാനിച്ച പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രം കുടിവെള്ള സ്രോതസ്സുകളെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഉണ്ണികുളം പഞ്ചായത്തിലെ ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വള്ളിയോത്ത് മാളൂർ കരിങ്കൽ ക്വാറിക്ക് മുകളിൽ സംഭരിക്കുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ക്വാറിയുടെ പ്രവർത്തനം കാരണം നിലവിൽ ദുരിതമനുഭവിക്കുകയാണെന്നും ഖനനം നടന്നുകൊണ്ടിരിക്കുന്ന ക്വാറിയിൽ മാലിന്യസംഭരണ കേന്ദ്രം കൂടി സ്ഥാപിച്ചാൽ ദുരിതം ഇരട്ടിയാവുമെന്നും പരിസരവാസികൾ പറയുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഭരണകേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം നടത്തി പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്ലാസ്റ്റിക്കുകൾ ചാക്കുകളിലാക്കി താൽക്കാലികമായി സൂക്ഷിക്കുകമാത്രമാണ് ഉദ്ദേശ്യമെന്നും ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ പറഞ്ഞു. പഞ്ചായത്തിന് സ്ഥിരമായി മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. അത് പൂർത്തിയാവുന്നതോടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരം തിരിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.