എകരൂൽ: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്താൻ നാലു വർഷമായി വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് പൂനൂർ വള്ളിൽ വയൽ സ്വദേശിയായ പി.കെ. അശ്വിൻ. പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍നിന്ന് 2019 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ അശ്വിന്റെ സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിക്കേണ്ട സ്ഥലത്ത് ഫോട്ടോക്ക് പകരം കറുത്ത നിറത്തിലുള്ള ചതുരം മാത്രമാണ് തെളിയുന്നത്.
അതേ വർഷംതന്നെ തെറ്റു തിരുത്താൻ പരാതി നൽകിയിരുന്നു. ശരിയായ ഫോട്ടോ സീഡിയിലാക്കി പലതവണ അയച്ചെങ്കിലും വീണ്ടും പഴയ രീതിയിലാണ് സർട്ടിഫിക്കറ്റ് കിട്ടിയതെന്ന് അശ്വിൻ പറയുന്നു.
പരീക്ഷഭവനിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ നീതി നിഷേധിക്കുന്നുവെന്നാണ് അശ്വിന്റെ പരാതി. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകി പ്രൈവറ്റായി പ്ലസ് ടു പരീക്ഷ എഴുതിയെങ്കിലും ഇഷ്ട കോഴ്സായ ഐ.ടി.ഐ പഠനം തുടരാൻ കഴിഞ്ഞില്ല.
ഇപ്പോൾ പ്രൈവറ്റായി ഗ്രാഫിക് ഡിസൈൻ കോഴ്സിന് പഠിക്കുകയാണ് അശ്വിൻ. എസ്.എസ്.എൽ.സി ബുക്കിലെ തെറ്റുകാരണം ഇഷ്ട കോഴ്സുകൾക്ക് ചേർന്ന് പഠിക്കാനോ ജോലിക്ക് അപേക്ഷിക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് അശ്വിൻ പറയുന്നു. നീതി തേടി ഇനി ആരെ സമീപിക്കണമെന്നറിയാതെ ദുരിതത്തിലാണ് അശ്വിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.