എകരൂൽ: കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ ഏറ്റവും അധികം അപകടസാധ്യതയുള്ള മേഖലയായി ഉണ്ണികുളം പഞ്ചായത്തിലെ കരുമല വളവ് മാറിയത് യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. ഒന്നിനുപിറകെ ഒന്നായി അപകടങ്ങളുണ്ടാകുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
രാത്രി 12 ഓടെ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പുലർച്ചെ മൂന്നിന് തമിഴ്നാട്ടിലെ തേനിയില്‍നിന്നും തലശ്ശേരിയിലേക്ക് പച്ചമാങ്ങയുമായി വന്ന പിക്അപ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് കടയിലേക്ക് പാഞ്ഞുകയറിയാണ് രണ്ടാമത്തെ അപകടം. കടയുടെ മുന്‍ഭാഗം തകര്‍ന്നു. ഹൈവേ പൊലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം രാത്രിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്.
സംസ്ഥാനപാത നവീകരിച്ചശേഷം ഈ കൊടുംവളവിൽ 25ഓളം അപകടങ്ങളുണ്ടായി. വ്യത്യസ്ത അപകടങ്ങളിൽ നാലുപേർക്കാണ് ഈ വളവിൽ ജീവൻ നഷ്ടമായത്. ഈ സ്ഥലത്ത് അപകടത്തിൽപെട്ട് പരിക്കേറ്റവർ ഇപ്പോഴും ആശുപത്രികളിലും വീടുകളിലുമായി കഴിയുകയാണ്.
ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങൾ എന്ന നിലയിലേക്ക് കരുമല വളവ് മാറിയിട്ട് നാളേറെയായി. സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ടാർ ചെയ്തതല്ലാതെ വാഹനങ്ങൾക്ക് ആവശ്യമായ സിഗ്നൽ സംവിധാനമടക്കം ഈ വളവിൽ സ്ഥാപിച്ചിട്ടില്ല. ദൂരദിക്കുകളിൽനിന്ന് വരുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. അധികവും അർധരാത്രിയാണ് സംഭവിക്കുന്നത്.
രാത്രി വെളിച്ചക്കുറവും അപകട സാധ്യത വർധിപ്പിക്കുന്നു.റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾ തുടർച്ചയായതിന്റെ കാരണമെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും റോഡിന്റെ നിർമാണത്തകരാറോ അലൈൻമെന്റിലെ വ്യത്യാസമോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. വളവ് തിരിഞ്ഞ് വാഹനങ്ങൾ ഈ ഭാഗത്ത് എത്തുമ്പോൾ മാത്രം എങ്ങനെ നിയന്ത്രണംവിട്ടു മറിയുന്നു എന്ന ചോദ്യം പൊതുമരാമത്ത് വകുപ്പിനെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.