എകരൂല്‍: രണ്ടാഴ്ച മുമ്പ് ദുബൈയിലുള്ള ഉപ്പയുടെ അടുത്തേക്ക് ഉമ്മയോടും ഇളയ സഹോദരങ്ങളോടുമൊപ്പം സന്തോഷത്തോടെ പുറപ്പെട്ട 18 കാരിയുടെയും അവളുടെ പ്രിയപ്പെട്ട ഉപ്പയുടെയും മൃതദേഹങ്ങള്‍ ആംബുലന്‍സില്‍നിന്ന് ഇറക്കി കിടത്തിയപ്പോള്‍ കണ്ടുനിന്നവർക്ക് തേങ്ങലടക്കാനായില്ല.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേര്‍പാടിെൻറ വേദന അവശേഷിപ്പിച്ചാണ് ഉണ്ണികുളം വള്ളിയോത്ത് ജനത റോഡില്‍ മേലെ കൊളോളി ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവര്‍ വിടപറഞ്ഞത്. തിങ്കളാഴ്ച പുലർച്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചത്. രാവിലെ അഞ്ചരയോടെ രണ്ട് ആംബുലന്സുകളെത്തിയപ്പോൾ മകളുടെയും ഉപ്പയുടെയും ചേതനയറ്റ ശരീരത്തിനുമുന്നില്‍ നാട് വിങ്ങിപ്പൊട്ടി.
അമൽ പഠിച്ച സ്കൂളുകളിലെ സഹപാഠികളും അധ്യാപകരും അവസാന നോക്കിനായി പുലരുന്നതിന് മുമ്പുതന്നെ വീട്ടിലെത്തിയിരുന്നു. ഷാര്‍ജ- അജ്മാന് അതിര്‍ത്തിയിലെ അല്ഹീര ബീച്ചിലെ തിരമാലകളാണ് ഉപ്പയെയും മകളെയും മരണത്തിെൻറ ആഴക്കടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സന്ദര്‍ശക വിസയില്‍ നവംബര്‍ 13ന് എത്തിയ കുടുംബത്തെയും ദുബൈയിലുള്ള അനുജന് മുബാറക്കിെൻറ രണ്ടു മക്കളെയും കൂട്ടിയാണ് കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഷാര്‍ജ അല്ഹീര ബീച്ചില്‍ സായാഹ്നം ചെലവഴിക്കാന്‍ ഇസ്മായില്‍ പോയത്.
കടൽതീരത്ത് കളിക്കുന്നതിനിടെ ഇസ്മായിലിെൻറ മൂത്ത മകളായ അമൽ ഇസ്മായിൽ തിരമാലകളിൽ പെടുകയായിരുന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിൽ കടലിലേക്ക് എടുത്തുചാടിയ ഇസ്മായിലും മകളോടൊപ്പം ആഴങ്ങളിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നേരില്‍ കണ്ട ആഘാതത്തിലാണ് ഇസ്മയിലിെൻറ ഭാര്യ സഫീറയും ഇളയ രണ്ടു പെണ്‍കുട്ടികളും. ഇവർ മറ്റൊരു വിമാനത്തിൽ മണിക്കൂറുകൾക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.
14 വര്‍ഷത്തോളമായി ദുബൈയില്‍ ഗതാഗത വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. എല്ലാ വര്‍ഷവും നാട്ടില്‍ വരാറുള്ള ഇസ്മായിലിന് കോവിഡ് കാരണം ഇപ്രാവശ്യം വരാന്‍ കഴിയാതായപ്പോഴാണ് കുടുംബത്തെ ഹ്രസ്വസന്ദര്‍ശനത്തിന് യു.എ.യി ല്‍ എത്തിച്ചത്.
എട്ടാം ക്ലാസ് വരെ അജ്മാനിലായിരുന്നു അമലിെൻറ വിദ്യാഭ്യാസം. നാട്ടിൽ തിരിച്ചെത്തി പ്ലസ്ടു പഠനത്തിനുശേഷം മെഡിക്കല്‍ എൻട്രന്‍സ് പരിശീലനത്തിലായിരുന്നു അമല്‍. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
കലോത്സവങ്ങളിലും ഇംഗ്ലീഷ് പ്രസംഗ, പ്രബന്ധ മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കളങ്കമില്ലാത്ത പെരുമാറ്റവും പ്രായത്തിൽ കവിഞ്ഞ പക്വതയും അസൂയാർഹമായ സൽപ്രവൃത്തികളും ഒരു കൗമാരം കൊണ്ട് ചെയ്തുതീർത്ത കുട്ടിയായിരുന്നു അമൽ എന്നാണ് അവളുടെ അധ്യാപകർ അനുസ്മരിച്ചത്. വള്ളിയോത്ത് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.