വിഷ്ണുവിന് ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം

എകരൂല്‍: വര്‍ഷങ്ങളായി മണ്ണെണ്ണ വിളക്കി​െൻറ വെളിച്ചത്തില്‍ കഴിയുന്ന രണ്ട് കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്​ഷൻ ലഭ്യമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ണികുളം പഞ്ചായത്ത്‌ കമ്മിറ്റി.

ഉണ്ണികുളം കപ്പുറം മാളൂര്‍ മലയില്‍ താമസിക്കുന്ന കട്ങ്ങന്‍-സരോജിനി വൃദ്ധ ദമ്പതികള്‍ക്കും ഇവരുടെ മകള്‍ ഷീബ-കൃഷ്ണന്‍ കുട്ടി ദമ്പതികള്‍ക്കുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ശ്രമഫലമായി വൈദ്യുതിയെത്തിയത്.

ഷീബയുടെ മകന്‍ ആറാം ക്ലാസ്​ വിദ്യാര്‍ഥി വിഷ്ണു വൈദ്യുതിയില്ലാത്തതുകാരണം ദീര്‍ഘകാലമായി ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് പുറത്തായിരുന്നു. വിഷ്ണുവി​െൻറ പഠനം മുടങ്ങുന്നത് മനസ്സിലാക്കിയതോടെയാണ് മലമുകളിലെ വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമം തുടങ്ങിയത്. ഒറ്റമുറിക്കൂരയിലാണെങ്കിലും വൈദ്യുതിയെത്തിയതോടെ വീട്ടിലിരുന്ന് പഠിക്കാനായ സന്തോഷത്തിലാണ് വിഷ്ണു. മാളൂര്‍ മലയുടെ മധ്യഭാഗത്തായി പതിറ്റാണ്ടുകളായി താമസിക്കുന്ന ഇരു കുടുംബങ്ങള്‍ക്കും ദീര്‍ഘകാലത്തെ സ്വപ്നമാണ് പൂവണിഞ്ഞത്.

രണ്ട് വീടുകളും ടീം വെല്‍ഫെയര്‍ വളൻറിയര്‍മാര്‍ തന്നെയാണ് വയറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് വൈദ്യുതി കണക്​ഷന്‍ ലഭിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് കുന്നുമ്മല്‍, വാര്‍ഡ്‌ കമ്മിറ്റിക്കുവേണ്ടി ഹുസൈന്‍ ചമ്മില്‍ എന്നിവര്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.എം. അബ്​ദുല്ല, പി.സി. സലീന, റംല ആരാമം, റഫീഖ് മാറായി, ടി. നജ്മുദ്ദീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.