കോഴിക്കോട്: വിലങ്ങാടുനിന്നും ഇനി വാർത്തകൾ വരാനിരിക്കുന്നതേയുള്ളൂവെന്ന പരിസ്ഥിതി പ്രവർത്തകരുടെ വിലയിരുത്തൽ ഗൗരവത്തിലെടുക്കണമെന്ന ആവശ്യം അധികൃതർ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. 22 ഡിഗ്രിയിൽ കൂടുതൽ ഒരു മലക്ക് ചരിവുണ്ടെങ്കിൽ ഏത് സമയവും ഉരുൾപൊട്ടൽ ഭീഷണിയുണ്ടാകുമെന്നു റവന്യൂ അധികൃതർ വിലയിരുത്തുമ്പോഴും വിലങ്ങാടിന്റെ ഉരുൾപൊട്ടൽ ഭീഷണിയെ പ്രതിരോധിക്കാനോ ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കാനോ നടപടികളില്ലെന്നത് ആശങ്കക്കിടയാക്കുന്നതായാണ് വിലയിരുത്തൽ. വിലങ്ങാടുള്ള മലനിരകൾ 60 മുതൽ 75 ഡിഗ്രി വരെ ചരിവോടെയാണ് നിൽക്കുന്നത്.
വിലങ്ങാട് ടൗണും ജനവാസ കേന്ദ്രങ്ങളുമെല്ലാം തെക്കുഭാഗത്തെയും വടക്കുഭാഗത്തെയും കുത്തനെയുള്ള മലനിരകളുടെ ഭീഷണി നിഴലിലാണ്. 6250 അടിയുള്ള നാദാപുരം മുടി മുതൽ ഏതാണ്ട് 4000 അടി ഉയരമുള്ള മലനിരകളാണ് വിലങ്ങാട് ടൗണിനെ ചുറ്റി വടക്കും തെക്കും ഭാഗത്തുള്ളത്. ഇതിന്റെ നടുവിലൂടെയാണ് മയ്യഴി പുഴയുടെ രണ്ട് കൈവഴികൾ ഒഴുകുന്നത്. ഈ കൈവഴികളിലേക്കാണ് മലനിരകളിൽ നിന്നുള്ള ചോലവനങ്ങളും അരുവികളുമെല്ലാം ഒഴുകിയിറങ്ങുന്നത്. ഈ മാസം തന്നെ എട്ടോളം ഉരുൾപൊട്ടൽ അവിടെയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
വിലങ്ങാട് ടൗൺ മുതൽ മഞ്ഞക്കുന്ന് പള്ളി, പാനോത്ത് വരെയുള്ള സ്ഥലങ്ങളിൽ പൊട്ടൽ ഭീഷണിയിലാണ്. ഈഭാഗങ്ങൾ അങ്ങേയറ്റം കടുംകൃഷി ചെയ്യുന്ന സ്ഥലങ്ങളാണ്. നിറയെ ക്വാറികളും സ്ഥിതിചെയ്യുന്നുണ്ട്. ഒരുപാട് പ്രക്ഷോഭങ്ങൾ ഉണ്ടായതിനാൽ പല ക്വാറികളും പൂട്ടിയിട്ടുണ്ട്. ഈ രീതിയിൽ പോവുകയാണെങ്കിൽ കേരളത്തിൽ ഉരുൾപൊട്ടലിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത് കിഴക്കാംതൂക്കായ മലനിരകൾക്കിടയിലുള്ള വിലങ്ങാട് തന്നെയാണെന്നാണ് വിലയിരുത്തൽ. ഈ ഭാഗങ്ങളിൽ ജനസാന്ദ്രത കൂടുതലാണ്.
താഴെയുള്ള ഫലഭൂയിഷ്ഠമായ പുഴയുടെ ചരിവിൽ ഏറെ വീടുകളുണ്ട്. ഏതാണ്ട് മൂന്നു കിലോമീറ്റർ ചുറ്റളവിൽ 400 വീടുകൾ ഇവിടെയുണ്ട്. ഈ വീടുകളെയാണ് ഉരുൾപൊട്ടലുണ്ടായാൽ ബാധിക്കുക. രണ്ടു മൂന്നുപ്രാവശ്യം ഇതാവർത്തിച്ചു. മൂന്നുവർഷം മുമ്പുണ്ടായ വലിയ ഉരുൾപൊട്ടലിൽ അവിടെ നിന്ന് 25 കിലോമീറ്റർ അപ്പുറത്തുള്ള കല്ലാച്ചിയിലും ചെറുമുഖത്തും വരെ വെള്ളം ഏറെ പൊങ്ങിയിരുന്നു. ഈ വർഷവും ഇത് ആവർത്തിച്ചു. 25 കിലോമീറ്റർ ദൂരെയുള്ള ചെറുമുഖത്ത് എം.എൽ.പിയുടെ ഒന്നാം നില പൂർണമായി വെള്ളത്തിൽ മുങ്ങി. ഇത് വലിയൊരു ദുരന്തത്തിന്റെ സൂചനയാണെന്നാണ് റവന്യൂ അധികൃതരും പരിസ്ഥിതി പ്രവർത്തകരും വിലയിരുത്തുന്നത്. ദുരന്ത നിവാരണ വിഭാഗവും പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിയും നടപടി സ്വീകരിക്കാത്തതാണ് ഗുരുതര വിഷയമെന്നും ദുരന്ത നിവാരണ സമിതി ചെയർമാനായ ജില്ല കലക്ടർ ഉടൻ സ്ഥലം സന്ദർശിക്കണമെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു. ഇതിനെപ്പറ്റി അന്വേഷിക്കുകയും ശാസ്ത്രീയമായ പഠനങ്ങളും ഉണ്ടാവണമെന്ന ആവശ്യവും ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.