കൗതുകവും അറിവും നിറച്ച് ബീച്ചിലെ പ്രദർശന-വിപണന മേള

കൈയടി നേടി മാജിക് ഷോ

കോഴിക്കോട്: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബീച്ചിൽ നടന്ന പരിപാടിയിൽ കാണികളിൽ ആവേശംതീർത്ത് മാജിക് ഷോ. മാന്ത്രികൻ ശ്രീജിത്ത് വിയ്യൂരാണ് കൺകെട്ടുവിദ്യകളിലൂടെ കൈയടി നേടിയത്. കൊയിലാണ്ടി വിയ്യൂർ സ്വദേശിയായ ശ്രീജിത്ത് മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനാണ്.

അടുത്തറിയാം പൊലീസിന്‍റെ ആയുധങ്ങളെ

കേരള പൊലീസിനെക്കുറിച്ച് അറിയേണ്ടതെല്ലാമുണ്ട് ബീച്ചിലെ പ്രദർശന-വിപണന മേളയിൽ. വിവിധ തരം തോക്കുകളും ആയുധങ്ങളും വെടിയുണ്ടകളും പൊലീസ് സേനയുടെ കരുത്ത് തെളിയിക്കുന്നതാണ്. പൊലീസ് സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, വിവിധ ആയുധങ്ങളുടെ പ്രദർശനം തുടങ്ങി പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവിടെ അറിയാം.

അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, സ്നൈപർ, റൈഫിൾ, 7.62 എം.എം ടി.എ.ആർ, റൈഫിൾ 5.56 എം.എം എൻ.എസ്.എ.എസ്, എ.കെ 47, മൾട്ടി ഷെൽ ലോഞ്ചർ, വെടിക്കോപ്പുകൾ, വെടിയുണ്ടകൾ, ഗ്രനേഡ് എന്നിങ്ങനെ നിരവധി ആയുധങ്ങൾ നേരിട്ടുകാണാനും അവയുടെ പ്രവർത്തനം മനസ്സിലാക്കാനും സൗകര്യമുണ്ട്. കേരള പൊലീസ് അസിസ്റ്റന്റ് സംവിധാനം പരിചയപ്പെടുത്തുന്നതിന് സൈബർ ഡോം ആൻഡ്‌ ഡ്രോൺ ഫോറൻസിക് ലാബ് പ്രത്യേക സ്റ്റാൾ സജ്ജീകരിച്ചിട്ടുണ്ട്.

ഫിംഗർ പ്രിന്റ് ബ്യൂറോ, ടെലികമ്യൂണിക്കേഷൻ, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, ഫോറൻസിക് സയൻസ് ആൻഡ് ലബോറട്ടറി, മീഡിയ സെന്റർ തുടങ്ങിയ വിഭാഗങ്ങളുടെ സ്റ്റാളുകളാണ് ഇവിടെയുള്ളത്. ദിവസവും വൈകീട്ട് പ്രദർശനനഗരിയിൽ പൊലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനവുമുണ്ട്.

രോഗം നിർണയിക്കാനെത്തിയത് 300 പേർ

എന്‍റെ കേരളം പ്രദർശനനഗരിയിലെ ആരോഗ്യവകുപ്പിന്‍റെ സ്റ്റാളിൽ രണ്ടാം ദിനം ജീവിതശൈലീരോഗം നിർണയിക്കാനെത്തിയത് 300ലേറെ പേർ. ബോഡി മാസ് ഇൻഡക്‌സ്, രക്തസമ്മർദം, റാൻഡം ബ്ലഡ് ഷുഗർ പരിശോധനകൾ ഇവിടെയുണ്ട്. രണ്ടു ദിവസമായി ബി.പിയും ഷുഗറും സൗജന്യമായി പരിശോധിക്കാനെത്തിയത് നാനൂറോളം പേരാണ്.

ഡോക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് നേതൃത്വം നൽകുന്നത്. രോഗം നിർണയിക്കപ്പെടുന്ന ആളുകൾക്ക് നിർദേശങ്ങളും ബോധവത്കരണവും നൽകുന്നതോടൊപ്പം രോഗം കൂടുതലുള്ളവരെ ബീച്ച് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നുമുണ്ട്.

നേട്ടം പറഞ്ഞ് ആരോഗ്യമേഖല

കേരളത്തിലെ ആരോഗ്യചരിത്രത്തിന്‍റെ നാൾവഴികൾ, പകർച്ചവ്യാധികൾക്കുള്ള പ്രതിരോധവും ചികിത്സയും, മുലപ്പാൽ ബാങ്ക്, കോവിഡ് അതിജീവന പ്രവർത്തനങ്ങൾ എന്നിവ ഫോട്ടോകളിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ ക്ഷേമപദ്ധതികൾ, സേവനങ്ങൾ, വാക്‌സിനേഷൻ ബോധവത്കരണം, ആരോഗ്യ ഇൻഷുറൻസ്, ആർദ്രം മിഷൻ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ സ്റ്റാളിലുണ്ട്. ദന്ത സംരക്ഷണം, എലിപ്പനി, നേത്രരോഗം, വയറിളക്കം, നിപ വൈറസ് ബാധ സംബന്ധിച്ച മുൻകരുതലുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ നോട്ടീസുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രദർശന നഗരിയിലെത്തുന്നവർക്ക് അവശ്യംവേണ്ട ആംബുലൻസ്, മെഡിക്കൽ സേവനങ്ങളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

ഭക്ഷ്യമേളയിൽ താരമായി വനസുന്ദരി

ബീച്ചിന് അഭിമുഖമായി ഒരുക്കിയ കഫേ കുടുംബശ്രീ ഭക്ഷ്യമേള ഭക്ഷണപ്രേമികളുടെ വയറും മനസ്സും നിറക്കും. ചൂടുള്ള കുമരകം കായൽ വിഭവങ്ങളും കോട്ടയം വിഭവങ്ങളും അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരിയുമാണ് പ്രധാനം.

ഊരിൽനിന്ന്‌ കൊണ്ടുവന്ന പ്രത്യേക കൂട്ടുകൾ ചേർത്ത മസാല ഉപയോഗിച്ച് തയാറാക്കുന്ന ചിക്കൻ വിഭവമാണ് 'വനസുന്ദരി'. കാടയിറച്ചി ഉപയോഗിച്ച് തയാറാക്കുന്ന 'കുഞ്ഞിതലയണ', വിവിധ കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കുന്ന പത്തിരികൾ, ബീഫ് അലാകുല, സ്വർഗക്കോഴി, റിബൺ ചിക്കൻ, മുട്ട സൂനാമി, കരിംജീരകക്കോഴി, മുളയരി പായസം, കോഴിക്കോട്ടുകാരുടെ സ്വന്തം നോമ്പുതുറ വിഭവങ്ങൾ തുടങ്ങി വിവിധ വിഭവങ്ങൾ മേളയിലുണ്ട്‌.

ട്രാൻസ്ജെൻഡർ കൂട്ടായ്മയിൽ ജ്യൂസ്‌ കൗണ്ടറും പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എട്ടു സംരംഭക യൂനിറ്റുകളിലെ അമ്പതോളം വനിതകളാണ് മേളയിൽ രുചിപ്പെരുമ തീർക്കുന്നത്. പകൽ 11 മുതൽ രാത്രി 9.30 വരെ ഫുഡ്‌ കോർട്ട് സജീവമാണ്.  

Tags:    
News Summary - Exhibition and marketing fair in calicut beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.