കോഴിക്കോട്: പെരുമഴ ചതിച്ചത് ജില്ലയിലെ വാഴക്കർഷകരെ. ഒമ്പതു കോടിയോളം രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ ഒരുമാസത്തിനിടെയുണ്ടായത്. ഒരാഴ്ചയായി തിമിർത്തുപെയ്യുന്ന മഴയിലുണ്ടായ കൃഷിനാശം കാലവർഷക്കെടുതിയിലെ ജില്ലയിലെ മുൻകാല കണക്കുകളെല്ലാം ഭേദിച്ചതായാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ബുധനാഴ്ച വരെയുണ്ടായ കൃഷിനാശത്തിന്റെ കണക്കെടുപ്പ് കൃഷി ഉദ്യോഗസ്ഥർ പൂർത്തിയാക്കിയിട്ടുണ്ട്. ജൂലൈ 17 വരെ കിട്ടിയ ഏതാണ്ട് സമഗ്രമായ കണക്കുകൾ ശേഖരിച്ചാണ് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയത്. ജൂൺ 16 മുതൽ ജൂലൈ 17 വരെ 11.5 കോടിയോളം രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. 146.88 ഹെക്ടറിലുള്ള കൃഷിയാണ് നശിച്ചത്.
737 കർഷകരുടെ 30.74 ഹെക്ടറിലുള്ള 1509 കായ്ഫലമുള്ള തെങ്ങുകൾ നശിച്ചു. 75.45 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. 1.28 ഹെക്ടറിലുള്ള കായ്ഫലമില്ലാത്ത 81 തെങ്ങും നശിച്ചിട്ടുണ്ട്. 44 കർഷകർക്ക് ഏകദേശം 2.43 ലക്ഷം നഷ്ടമാണ് സംഭവിച്ചത്. 70.34 ഹെക്ടറിലുള്ള 1,48,292 കുലച്ച വാഴകളാണ് നശിച്ചത്. 1323 കർഷകർക്ക് ഏകദേശം 8.89 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട് നൽകിയത്. രണ്ടാഴ്ചക്കിടെയാണ് വാഴക്ക് നാശം ഏറെയുമുണ്ടായതെന്ന് കൃഷി ഓഫിസർമാർ പറയുന്നു.
14.01 ഹെക്ടറിലുള്ള 647 കർഷകരുടെ 21,915 കുലക്കാത്ത വാഴയും നശിച്ചു. 87.66 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 0.96 ഹെക്ടറിലുള്ള 288 ടാപ്പിങ് റബറും നശിച്ചിട്ടുണ്ട്. ഏകദേശം 5.76 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 10.33 ഹെക്ടറിലുള്ള 1265 കായ്ഫലമുള്ള കവുങ്ങും നശിച്ചു.
415 കർഷകർക്ക് 3.80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 1.35 ഹെക്ടറിലുള്ള കായ്ഫലമില്ലാത്ത 180 കവുങ്ങും നശിച്ചു. 75 കർഷകർക്കാണ് നഷ്ടമുണ്ടായത്. കൊക്കോയും കുരുമുളകും കപ്പയും നശിച്ചിട്ടുണ്ട്. 0.80 ഹെക്ടറിലുള്ള പച്ചക്കറികളും 60 കർഷകരുടെ 13.70 ഹെക്ടറിലുള്ള നെൽകൃഷിയും നശിച്ചു.
20.55 ലക്ഷം രൂപയുടെ നെൽകൃഷിയാണ് നശിച്ചത്. ഒരുമാസത്തിനിടെ ജില്ലയിൽ മൊത്തം 3415 കർഷകർക്കാണ് കൃഷിനാശമുണ്ടായത്. കാലവർഷം തുടങ്ങിയ ജൂൺ ആദ്യം മുതൽ ഇതുവരെ 14 കോടിയോളം രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.