കോഴിക്കോട്: പന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടി ജില്ലയിലെ കർഷകർ. നിരവധി പേരുടെ ജീവൻ നഷ്ടമായതിന് പുറമേ വൻതുകയുടെ കൃഷിനാശവുമാണ് ജില്ലയിലുണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പന്നിക്ക് പുറമേ, മുള്ളൻപന്നി, കാട്ടാന എന്നിവയുടെയും ശല്യവും രൂക്ഷമാണ്. 2021 ജനുവരി മുതൽ ഈ മാസം 24 വരെ 77.44 ലക്ഷം രൂപയുടെ കൃഷിയാണ് നശിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ 10.05 ലക്ഷം രൂപയുടെ കൃഷി നശിപ്പിച്ചു.
തെങ്ങ് മുതൽ വാഴയും ചേമ്പും കപ്പയും വരെ നശിപ്പിച്ചവയിൽപെടും. ജില്ലയിൽ 211 കർഷകരാണ് വന്യമൃഗശല്യത്തിന് ഇരയായത്. 19.44 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി എന്നീ ഫോറസ്റ്റ് റേഞ്ച് ഓഫിസുകൾക്ക് കീഴിൽ പലയിടത്തും വന്യമൃഗശല്യം അതിരൂക്ഷമാണ്.
കുറ്റ്യാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. ഈ റേഞ്ചിൽപെട്ട കുന്നുമ്മൽ കാർഷിക ബ്ലോക്കിൽ 36.30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കൊടുവള്ളി ബ്ലോക്കിൽ .96 ഹെക്ടര്‍ ഭൂമിയില്‍ 30.85 ലക്ഷം രൂപയുടെ കൃഷി കാട്ടുമൃഗങ്ങൾ നശിപ്പിച്ചു. ഉള്ളിയേരി-1.12 ലക്ഷം, പേരാമ്പ്ര- 70,000 രൂപ, വടകര- 5000 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ.
ജില്ലയിൽ ആദ്യകാലത്ത് കാടിനോട് ചേർന്ന മലയോരപ്രദേശങ്ങളിലായിരുന്നു കാട്ടുപന്നികൾ വിളയാടിയിരുന്നത്. എന്നാൽ, കാട്ടിൽനിന്ന് കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലും പന്നിശല്യം അതിരൂക്ഷമാണ്.
കൃഷി നശിപ്പിക്കുന്നതിനുമപ്പുറം ജീവൻ തന്നെ അപകടത്തിലാക്കുന്നതും ഭീഷണിയാണ്. വളയം, ചെക്യാട്, നാദാപുരം, പുറമേരി, കുറ്റ്യാടി, പനങ്ങാട്, ഉണ്ണികുളം, താമരശ്ശേരി, പുതുപ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി, കട്ടിപ്പാറ, മാവൂർ, ചാത്തമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങി നിരവധി തദ്ദേശസ്ഥാപനങ്ങളിലാണ് കാട്ടുപന്നികൾ കൂടുതലും വിലസുന്നത്. പുറമേരി അരൂർ മലയാട പൊയിലിൽ കഴിഞ്ഞ ഡിസംബറിൽ ഒറ്റരാത്രികൊണ്ട് രണ്ടരയേക്കർ കൃഷിയാണ് പന്നികൾ ഇല്ലാതാക്കിയത്.
ജില്ലയിലെ 33 വില്ലേജുകൾ കാടുപന്നിശല്യത്തിന്റെ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടഞ്ചേരി, തിരുവമ്പാടി, പുതുപ്പാടി അടക്കമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയായിരുന്നു ഹോട്സ്പോട്ട് പ്രഖ്യാപിച്ചത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം കഴിഞ്ഞദിവസം കേന്ദ്രം തള്ളിയത് മലയോരമേഖലയിലുള്ളവരുടെ ആശങ്ക കൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.