കോഴിക്കോട്: മനോനില തെറ്റി, അജ്ഞാത രോഗികളായി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികളാക്കപ്പെട്ട മൂന്നുപേർ സനാഥരായി ബന്ധുക്കൾക്കൊപ്പം നാടണഞ്ഞു. തമിഴ്നാട് ശങ്കരപുരം സ്വദേശി മുനിയൻ എന്ന ദുരൈ പാണ്ഡ്യനെ ഒമ്പതു വർഷത്തെ അന്വേഷണത്തിനു ശേഷം മകന്റെ കൈയിൽ ഏല്പിച്ചത് വികാരനിർഭര രംഗങ്ങൾക്ക് ഇടയാക്കി. പിതാവിനെ കണ്ടപ്പോൾ മകൻ ആന്ദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അസമിലെ ടിൻസുകിയ ജില്ലയിലെ ബുലൻ ബഡേക്ക് (35), ഝാർഖണ്ഡിലെ സുനിൽ കർമാകർ (45) എന്നിവരെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോയ മറ്റ് രണ്ടു പേർ. മുനിയൻ നാലു വർഷത്തോളമായി കുതിരവട്ടത്ത് ചികിത്സയിലായിരുന്നു.
ഒമ്പതു വർഷം മുമ്പാണ് മുനിയൻ നാടുവിട്ടതെന്നാണ് വീട്ടുകാരുടെ മൊഴി. ജോലിക്കായി പട്ടാമ്പിയിലെത്തിയ മുനിയെക്കുറിച്ച് പിന്നീട് പലയിടത്തും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്ന ബുലെൻ ബഡെക്കിനെ രണ്ടാഴ്ചമുമ്പാണ് മാനന്തവാടി പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഒരുമാസം മുമ്പാണ് സുനിൽ കർമാറിന് വാഴക്കാട് പൊലീസ് കുതിരവട്ടത്ത് എത്തിച്ചത്. ബന്ധുക്കൾക്കൊപ്പം കോഴിക്കോട് പന്തീരാങ്കാവിൽ കൂലിപ്പണിക്കായി എത്തിയതായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. സാമൂഹിക പ്രവർത്തകനായ എം. ശിവൻ രോഗികളുമായി സംസാരിച്ച് അവരുടെ സ്വദേശം മനസ്സിലാക്കി പൊലീസുമായി ബന്ധപ്പെട്ടാണ് മൂന്നു പേരുടെയും ബന്ധുക്കളെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.