ഫറോക്ക്: വ്യാഴവട്ടത്തിലേറെയായി വൃഥാവിലുള്ള ചാലിയത്തെ നിർദേശിനെ കൈപിടിച്ചുയർത്താൻ ആരാണ് രക്ഷകരായി എത്തുക എന്നതാണ് ജില്ലയുടെ തെരഞ്ഞെടുപ്പ് പോർക്കളത്തിലുയരുന്ന വികസന ചോദ്യങ്ങളിലൊന്ന്. കേന്ദ്ര സർക്കാറിന്റെ അവഗണന തുടരുന്ന സ്ഥാപനം ഉയർന്നുപൊങ്ങിയാൽ അത് കേരളത്തിന് വലിയ മുതൽക്കൂട്ടാണ്.
ഫറോക്ക്, ചാലിയം, ബേപ്പൂർ മേഖലയിലെ തെരഞ്ഞെുടപ്പ് പ്രചാരണങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡിഎയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് ഇൻ ഡിഫൻസ്ഷിപ് ബിൽഡിങ്ങിനായി (നിർദേശ്) പാർലമെന്റിൽ ശബ്ദമുയർത്തുമെന്ന് ഉറപ്പുപറഞ്ഞിട്ടുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയം ഡിപ്പാർട്മെൻറ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻസിന്റെ കീഴിൽ സ്വയംഭരണ സ്ഥാപനമായാണ് കപ്പൽ രൂപകൽപന കേന്ദ്രമായ നിർദേശ് പ്രഖ്യാപിച്ചത്. യു.പി.എ സർക്കാറിന്റെ കാലത്ത് 2011 ജനുവരിയിൽ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ് തറക്കല്ലിട്ടത്.
പദ്ധതിക്കായി ചാലിയം തീരത്തെ 40 ഏക്കർ കേന്ദ്ര സർക്കാറിന് കൈമാറുന്നതിനടക്കം ചുക്കാൻപിടിച്ചത് അന്ന് സംസ്ഥാന വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമായിരുന്നു. ലോകോത്തര കപ്പൽ രൂപകൽപന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പ്രതിരോധ മന്ത്രാലയങ്ങളുടെ ഉടക്കുകാരണം പദ്ധതി വാഗ്ദാനത്തിലൊതുങ്ങി.
നാവികസേനക്കുള്ള കപ്പലുകൾ, ടഗ്ഗുകൾ, സർവേ കപ്പലുകൾ എന്നിവ രൂപകൽപനക്കും നാവിക വാസ്തുവിദ്യക്കായി ഒരു ഡിസൈൻ സോഫ്റ്റ് വെയർ യൂനിറ്റും പരിശീലന കേന്ദ്രവും സ്ഥാപിക്കുമെന്ന വാഗ്ദാനവും നടക്കാതെ പോയി. ടെക്നോളജി ഡവലപ്മെൻറ്, ഡിസൈൻ സ്കിൽ ഡവലപ്മെൻറ്, യുദ്ധകപ്പലുകൾ, അന്തർവാഹിനികൾ, അനുബന്ധ പ്ലാറ്റ്ഫോമുകൾ എന്നിവയുടെ തദ്ദേശീയ നിർമാണത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ പദ്ധതി വിഭാവനം ചെയ്തിരുന്നു.
അവഗണന തുടർന്നെങ്കിലും രണ്ടാം മോദി സർക്കാർ നിർദേശിനെ രക്ഷിക്കുമെന്ന് പ്രതീക്ഷയുണ്ടായെങ്കിലും ഒന്നും നടന്നില്ല. നിർദേശ് എന്ന പേരിൽ ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഓഫിസിന്റെ മുഖ്യ ആസ്ഥാനം ചാലിയത്താണ്. കേന്ദ്ര കാബിനറ്റിന്റെ പൂർണ അംഗീകാരമില്ലാതെ സ്ഥാപിച്ചതിനാലാണ് നിർദേശിന്റെ പ്രവർത്തനം അവതാളത്തിലായതെന്നാണ് ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
നിർദേശിനെ പുനരുജ്ജീവിപ്പിക്കണമെന്ന് ഒട്ടേറെ തവണ എം.കെ. രാഘവൻ പാർലമെന്റിൽ ഉന്നയിച്ചെങ്കിലും ഫലം കണ്ടില്ല. മസ്ഗോൺഡോക്ക് ലിമിറ്റഡ്, ഗോവ ഷിപ് യാർഡ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഷിപ് യാർഡ് ലിമിറ്റഡ്, ഗാർഡൺ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽനിന്നുള്ള ഫണ്ടുകൊണ്ടാണ് ദൈനംദിന പ്രവർത്തനം ഇപ്പോൾ മുന്നോട്ടുപോകുന്നത്.
കേന്ദ്ര സർക്കാറിന്റെ കീഴിൽ രഹസ്യസ്വഭാവമുള്ള ഒട്ടേറെ പ്രോജക്ടുകൾക്ക് ഇവിടെ രൂപം നൽകിയിട്ടുണ്ടെന്ന് നിർദേശ് സ്പെഷൽ ഡ്യൂട്ടി ഓഫിസർ വി.കെ. സുരേന്ദ്രൻ പറഞ്ഞു.
മുംബൈ ഷിപ് യാർഡ് മസ്ഗോൺ ലിമിറ്റഡിന്റെ കീഴിലേക്ക് നിർദേശിനെ മാറ്റിയതോടെ വികസന പ്രതീക്ഷയിലാണ് സ്ഥാപനം. അതിനിടെ നിർദേശിന്റെ 40 ഏക്കറിൽനിന്ന് ഒന്നര ഏക്കർ അസാപിന് വിട്ടുനൽകിയിട്ടുണ്ട്. കപ്പൽ രൂപകൽപനയുമായി ബന്ധപ്പെട്ട പരിശീലനം നടത്തുകയാണ് ഇവിടെ ലക്ഷ്യം. ഇതോടൊപ്പം ടെക്നിക്കൽ പാർക്ക് നിർമിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.