ഫറോക്ക്: തീരദേശ മേഖലയിൽ കടലേറ്റത്തിന്റെ ശക്തി കുറഞ്ഞു. എങ്കിലും ചാലിയാർ, കടലുണ്ടിപ്പുഴകളിലെ ജലവിതാനം താഴ്ന്നിട്ടില്ല. കൈത്തോടുകളും വയലുകളുമെല്ലാം നിറഞ്ഞുതന്നെ. ശനിയാഴ്ച മൂന്നുമണിയോടെ വേലിയേറ്റം തുടങ്ങി. മഴയും ഒപ്പം കാറ്റുമില്ലാതിരുന്നതിനാൽ തിരമാലകൾക്ക് ശക്തി കുറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വരെയുണ്ടായിരുന്ന കടലിന്റെ താണ്ഡവം വെള്ളിയാഴ്ചയോടെ കുറഞ്ഞിരുന്നു.
കടലിൽനിന്ന് തിരമാല കണക്കേ അടിച്ചുകയറിയ വെള്ളത്തിൽ ഉൾപ്പെട്ട മാലിന്യങ്ങൾ ഓരോ വീട്ടുമുറ്റത്തും കിടക്കുന്നു. മാലിന്യങ്ങളിൽനിന്ന് കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. തീരദേശ മേഖലയുൾപ്പെടെ കടലുണ്ടി ഭാഗത്തുനിന്ന് കൂടുതൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു. മൂന്ന് വീടുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടലുണ്ടിക്കടവ് പുതുകടപ്പുറം ഹാരിസ്, ബൈത്താനി ചെമ്പകത്തറക്കൽ മുഹമ്മദ് എന്നിവരുടെ വീടുകൾക്ക് വിള്ളലേറ്റിട്ടുണ്ട്. ബൈത്താനിയിൽ ആയിഷ ബീവിയുടെ ജനൽ തകർന്നിട്ടുണ്ട്. അന്വേഷണത്തിനായി ലോക്കൽ ബോഡിക്ക് കൈമാറിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
ചെറുവണ്ണൂർ ആമാംകുനിയിൽ വയലിലെ വെള്ളം റോഡിലേക്ക് വന്നതോടെ യാത്ര തടസ്സപ്പെട്ടു. ഓട നിർമിക്കാത്തതാണ് പ്രശ്നം. കാലവർഷമെത്തുന്ന സമയത്തേ ഓടയെക്കുറിച്ച് അധികൃതർ ഓർക്കാറുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. രാമനാട്ടുകര ബസ് സ്റ്റാൻഡ് മുതൽ പുതിയ ദേശീയപാത ജങ്ഷൻ വരെ തെരുവുവിളക്കുകൾ കത്തിയിട്ട് ദിവസങ്ങളായി. പൊതുമേഖലയുൾപ്പെടെ ഒരു ഡസനെങ്കിലും ബാങ്കുകൾ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. നഗരപ്രദേശം ഇരുട്ടിലായിട്ടും ബന്ധപ്പെട്ടവർക്ക് ഒരനക്കവുമില്ലെന്നും വ്യാപക പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.