ഫറോക്ക്: മരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും മണ്ണൂർ വടക്കുമ്പാട് അങ്ങാടി വീട്ടിൽ ഭാസ്കരനും മകൻ മുരളിയും പരിചിതർക്ക് കണ്ണീരോർമയാണ്. അഞ്ചുവർഷമായി ഫറോക്ക് അങ്ങാടിയിൽ അടച്ചിട്ട ഭാസ്കർ ബേക്കറിയുടെ ബോർഡ് കാണുമ്പോൾ പലരുടെയും മനസ്സിൽ തെളിയുന്നത് ഭാസ്കരന്റെയും മുരളിയുടെയും തെളിഞ്ഞ മുഖമാണ്.
തലമുറകൾക്ക് പലഹാര രുചികൾ പകർന്നുനൽകിയവരാണ് ഇരുവരും. 2002ൽ അർബുദം ബാധിച്ച് മുരളി മരിച്ചു. 2018ൽ രോഗബാധയെത്തുടർന്ന് ഭാസ്കരനും മരിച്ചതോടെ ഭാസ്കർ ബേക്കറി പ്രസ്ഥാനം ഫറോക്കിന് നഷ്ടമായി.
60 വർഷം മുമ്പ് ജോലി തേടി കണ്ണൂരിലെത്തിയ ഭാസ്കരൻ ചെന്നെത്തിയത് ബേക്കറി നിർമാണ യൂനിറ്റിലായിരുന്നു. അവിടെനിന്ന് പലഹാര പാചക കൗശലങ്ങൾ സ്വായത്തമാക്കി ഫറോക്കിൽ തിരിച്ചെത്തി 1959ൽ ഭാസ്കർ ബേക്കറിക്ക് തുടക്കമിടുകയായിരുന്നു. അതോടെ നാടിന്റെതന്നെ ഇഷ്ട രുചിനാമമായി ഭാസ്കർ ബേക്കറി വളർന്നു.
അകലെനിന്നുപോലും ഭാസ്കറിലെ രുചിതേടി ആളുകൾ എത്തി. നിറഞ്ഞ ചിരിയോടെ ഭാസ്കരനും പിൽക്കാലത്ത് മകൻ മുരളിയും സജീവമായതോടെ തിരക്കേറിയ സ്ഥാപനമായി ഇതുമാറി. ഇതിനിടെ 2002ൽ ഫറോക്ക് പ്രീതി ബിൽഡിങ്ങിൽ ഭാസ്കർ ബേക്ക്സ് എന്ന പുതിയ സ്ഥാപനം തുറന്നെങ്കിലും അതിനിടെ മുരളി മരിച്ചത് തിരിച്ചടിയായി.
അതോടെ ഭാസ്കരന്റെ രണ്ടാമത്തെ മകൻ മനോജ് രണ്ട് ബേക്കറികളുടെയും നടത്തിപ്പ് ഏറ്റെടുത്തു. 2013ൽ ഭാസ്കരന്റെ ഭാര്യ യശോദ മരിച്ചു. അതിൽപിന്നെ ഭാസ്കരൻ ഫറോക്ക് സന്ദർശനം കുറച്ചു. 2018ൽ ഭാസ്കരനും മരിച്ചു. ഭാസ്കർ ബേക്കറി പ്രസ്ഥാനം കെട്ടിപ്പടുത്ത രണ്ടുപേരും ഓർമയായതോടെ നടത്തിപ്പ് ക്ലേശകരമാകുമെന്ന് കണ്ട് മനോജ്, ഭാസ്കർ ബേക്കറി അടച്ചു.
ഇതിനിടയിൽ ഭാസ്കർ ബേക്ക്സ് മറ്റൊരാൾക്ക് കൈമാറി. മനോജ് ഇപ്പോൾ ഫറോക്കിൽതന്നെ ആയുർവേദ ഷോപ് നടത്തുകയാണ്. മുരളിയുടെ ഭാര്യ സോജയും മക്കളായ കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ എന്നിവർ മണ്ണൂർ വളവിലെ വീട്ടിലാണ് താമസം. മുരളി മരണമടയുമ്പോൾ ആ വീട് നിർമാണ ഘട്ടത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.