ഫറോക്ക് ടിപ്പു ​കോട്ടയിൽനിന്ന് കണ്ടെത്തിയ വെടിയുണ്ടയും ആയുധഭാഗങ്ങളും

ഫറോക്ക് ടിപ്പു കോട്ടയിൽ വെടിയുണ്ടയും ആയുധഭാഗങ്ങളും കണ്ടെത്തി

ഫറോക്ക്: ടിപ്പു കോട്ടയിൽ പുരാവസ്തുവകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ ടിപ്പുവിന്റെ കാലത്തെ വെടിയുണ്ടയും ഇരുമ്പിന്റെ ആണിപോലുള്ള ആയുധഭാഗവും കണ്ടെത്തി. കോട്ടയുടെ പടിഞ്ഞാറുഭാഗത്ത് കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് ഏറെ പ്രധാനപ്പെട്ട പുരാവസ്തുക്കൾ കണ്ടെടുത്തത്. ഈയത്തിൽ നിർമിച്ച വെടിയുണ്ടക്ക് നല്ല ഭാരമുണ്ട്. ഇരുമ്പിൽ നിർമിച്ച ആയുധഭാഗമാണ് മണ്ണിനടിയിൽനിന്ന് കിട്ടിയത്.

ടിപ്പുവിന്റെ ആയുധ പണിശാല നിലനിന്നിരുന്ന ഭാഗമായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്ര പുരാവസ്തു വകുപ്പിൽനിന്ന് ലൈസൻസ് ലഭിച്ചതോടെ കഴിഞ്ഞ 21നാണ് ടിപ്പു കോട്ടയിൽ ഉത്ഖനനം തുടങ്ങിയത്. കോട്ടയിലെ അവശേഷിപ്പുകളുടെ സംരക്ഷണത്തിനാണ് നടപടി. പുരാവസ്തുവകുപ്പ് ചാർജ് ഓഫിസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് ഉത്ഖനനം. നേരത്തെ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് ടിപ്പു കോട്ടയിൽ നടത്തിയ പരിശോധനയിൽ പുരാവസ്തുക്കളുടെ സാന്നിധ്യമുള്ള 315 സ്ഥാനങ്ങൾ കണ്ടെത്തിയിരുന്നു.

താൽക്കാലിക അടയാളങ്ങൾ സ്ഥാപിച്ച ഇവിടങ്ങളിൽ വിശദമായ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടിഷ്, ചൈനീസ്, ജപ്പാൻ നിർമിത പിഞ്ഞാണപ്പാത്രങ്ങൾ, സെലഡൻ പാത്രക്കഷണങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. ഉത്ഖനനം പൂർത്തിയാകുമ്പോഴേക്കും ടിപ്പുവിന്റെ കാലത്തെ കൂടുതൽ പുരാവസ്തുക്കൾ ലഭിക്കുമെന്നാണ് പുരാവസ്തു വകുപ്പിന്റെ വിലയിരുത്തൽ.

Tags:    
News Summary - Bullets and ammunition were found in Feroke Tipu fort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.