ഫറോക്ക്: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ഫറോക്ക് ചുങ്കം എട്ടേനാൽ ദേശീയപാതയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർ പെരുവള്ളൂർ വെള്ളൻ വീട്ടിൽ മുഹമ്മദ് ഉവൈസിന്റെ ലൈസൻസാണ് റദ്ദാക്കിയത്. സംഭവത്തിൽ തൊട്ടടുത്ത ദിവസംതന്നെ ഫറോക്ക് പൊലീസ് പിഴ ചുമത്തിയിരുന്നു.
19ന് രാവിലെ 10.55നാണ് ബസുകളുടെ മരണപ്പാച്ചിലുണ്ടായത്. നഗരത്തിൽനിന്നു തൃശൂരിലേക്ക് പോകുകയായിരുന്ന ഫ്രണ്ട്ഷിപ് ബസാണ് സ്വകാര്യ ബസിനെയും കെ.എസ്.ആർ.ടി.സി ബസിനെയും മറികടന്നു ദിശമാറി പോയത്. അമിതവേഗത്തിൽ വന്ന ബസുകളുടെ ഇടയിൽ കുരുങ്ങിയ ഇരുചക്ര വാഹന യാത്രക്കാരൻ ഫറോക്ക് ചന്ത സ്വദേശി കെ. ഹസ്ബി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബസുകളുടെ വരവുകണ്ട് പരിഭ്രമിച്ച ഇയാൾ തന്റെ ഇരുചക്ര വാഹനം ബസുകൾക്കിടയിൽ നിർത്തുകയായിരുന്നു.
ബസുകളുടെ മരണപ്പാച്ചിലിനിടയിൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം നടത്തി ബസ് തിരിച്ചറിഞ്ഞു. ഡ്രൈവറെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് പിഴ ചുമത്തിയത്.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാൻ ബസുടമയോടും ഡ്രൈവറോടും കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഫറോക്ക് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ബുധനാഴ്ച ലൈസൻസ് റദ്ദ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.