ഫറോക്ക്: കരുവൻതിരുത്തി സർവിസ് സഹകരണ ബാങ്കിന്റെയും ഡോ. ഹൈമ ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമായി ചുങ്കം ജങ്ഷനു സമീപം ഫാറൂഖ് കോളജ് റോഡിൽ ഫാം റോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് 28നു പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന കൃഷിവകുപ്പിന്റെ ജൈവഗൃഹം പദ്ധതി, ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി എന്നിവയുടെ ഭാഗമായി തുടക്കംകുറിച്ച അഗ്രികൾചർ ആൻഡ് അക്വാകൾചർ പാർക്ക് പദ്ധതിയാണ് ഇപ്പോൾ ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്ത് ഉദ്യാനവും ഓഡിറ്റോറിയവും നീന്തൽക്കുളവുമടക്കം ഉൾപ്പെടുത്തി വിപുലമായ സാംസ്കാരിക-വിനോദകേന്ദ്രമായി നാടിനു സമർപ്പിക്കുന്നത്. ഒന്നര ഏക്കറോളം ഭൂമിയിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർഥം കേരളത്തിലെ ആദ്യത്തെ അക്ഷരോദ്യാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കൾ ഷാഹിന ബഷീർ, അനീസ് ബഷീർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വയലോരം ഹാൾ ഉദ്ഘാടനം സിനിമാതാരം മാമുക്കോയയും വയൽപാടി ഓഡിറ്റോറിയം ഉദ്ഘാടനം രാമനാട്ടുകര നഗരസഭ അധ്യക്ഷ ബുഷറ റഫീക്കും നിർവഹിക്കും. ഫറോക്ക് നഗരസഭ അധ്യക്ഷൻ എൻ. അബ്ദുൽ റസാഖ് ഫിഷ് കാമ്പസ് ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കുള്ള വിനോദ കേന്ദ്രമായ ഫൺ ഫോർട്ടിന്റെ ഉദ്ഘാടനം ബേപ്പൂർ ഡെവലപ്മെന്റ് മിഷൻ ചെയർമാൻ എം. ഗിരീഷ് നിർവഹിക്കും.
ഹൈമ ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനം മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ. അബൂബക്കർ നിർവഹിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതിമ മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.വി. ചന്ദ്രൻ അനാച്ഛാദനം ചെയ്യും. ഫാം റോക്ക് ഗാർഡൻ ലോഗോ പ്രകാശനം നമ്മൾ ബേപ്പൂർ പ്രസിഡന്റ് ടി. രാധ ഗോപി, വെബ്സൈറ്റ് ഉദ്ഘാടനം മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മർ പാണ്ടികശാല എന്നിവർ നിർവഹിക്കും.
ശിൽപികളെ മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ ആദരിക്കും. ഏറുമാടം ഉദ്ഘാടനം സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ നിർവഹിക്കും. സമീർ ബിൻസി അവതരിപ്പിക്കുന്ന സംഗീതപരിപാടിയും നടക്കും. വാർത്തസമ്മേളനത്തിൽ കെ.എം. ബഷീർ, എം. ബാബുരാജ്, എൻ. രാജീവൻ, ഖാലിദ് ഷമീം, എൻ. ഇല്യാസ്, കെ. മൊയ്തീൻ കോയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.